മോഹൻലാൽ ചിത്രമായ ദൃശ്യം 2ന്റെ ചിത്രീകരണം ഈ മാസം 17ന് ആരംഭിക്കും. സുരക്ഷാക്രമീകരണങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം. ഷൂട്ടിംഗ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവൻ ക്വാറന്റൈൻ ചെയ്തായിരിക്കും ചിത്രീകരണം. ടീം അംഗങ്ങളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവൻ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂൾ. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങൾ ഒരുക്കും. അതുപോലെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിംഗിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക. കൊവിഡ് പടരുന്ന സാഹചര്യം നീണ്ടുപോയാൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് മുമ്പ് ദൃശ്യം 2 റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. കൊച്ചിൻ കലാഭവൻ ലണ്ടന്റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . ''കുഞ്ഞാലി മരക്കാർ മാർച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ലോക്ക് ഡൗൺ വന്നത്. കേരളത്തിൽ രാത്രി 12 മണിക്ക് 300ൽ അധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന സിനിമയാണത്. നേരം വെളുക്കുമ്പോൾ തന്നെ ആയിരം ഷോ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. കൊവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകൾ തിയേറ്ററിൽ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരയ്ക്കാർ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണിത്. കൊവിഡ് നീണ്ടു പോയാൽ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക " ആന്റണി പെരുമ്പാവൂർ പറഞ്ഞു. ദൃശ്യം 2നെ കുറിച്ച് എല്ലാവരും മനസിൽ ഒരു കഥ കണ്ടിട്ടുണ്ടാകുമെന്ന് പറഞ്ഞ ആന്റണി എന്തായാലും ദൃശ്യം 2 അവർ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ലെന്നും വ്യക്തമാക്കി. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ താൻ ജീത്തുവിനോട് ആവശ്യപ്പെട്ടിരുന്നതായും ആന്റണി പറയുന്നു.