വർക്കല റെയിൽവേസ്റ്റേഷനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതിന് ആറ്റിങ്ങൽ സി.എസ്.ഐ സ്കൂൾ വിദ്യാർത്ഥി സൂര്യവംശം ശംഖ് ചൂഡൻ ട്രോസിയെ വർക്കല റെയിൽവേ സ്റ്റേഷൻമാസ്റ്റർ സി.പ്രസന്നകുമാർ ആദരിക്കുന്നു
വർക്കല: റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആറ്റിങ്ങൽ സി.എസ്.ഐ സ്കൂൾ വിദ്യാർത്ഥി സൂര്യവംശം ശംഖ് ചൂഡൻ ട്രോസിയെ വർക്കല റെയിൽവേ സ്റ്റേഷൻ സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വർക്കല റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും മാസ്ക്കും സാനിറ്റൈസറും നൽകുകയും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും ശംഖ് ചൂഡന്റെ നേതൃത്വത്തിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരു മാസത്തോളം നടത്തിയത്. വർക്കല റെയിൽവേ സ്റ്റേഷൻ സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് വർക്കല റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ ശംഖ് ചൂഡനെ ആദരിക്കുകയും സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയും ചെയ്തു. റെയിൽവേ പോർട്ടർമാരായ ഷിബു, തങ്കരാജ്, ബിജു എന്നിവർക്ക് റെയിൽവേയുടെ ഓണക്കൈനീട്ടവും ക്ലീനിംഗ് സ്റ്റാഫുകൾക്കും താത്കാലിക ജീവനക്കാർക്കും സാമ്പത്തിക സഹായവും നൽകി. സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, അനസ്, ശാന്തിവനം ചെയർമാൻ ഡോ.പ്രദീപ് ശിവഗിരി, പുനർജ്ജനി ഡയറക്ടർ ഡോ. ട്രോസി ജയൻ, ബിജുരാജ്, നാഗേന്ദ്രൻ, രതീഷ്, മായ തുടങ്ങിയവർ പങ്കെടുത്തു.