mullapally

തിരുവനന്തപുരം: അക്രമത്തെ ഉപാസിക്കുന്ന നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അക്രമത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് ജി. ലീനയുടെ തിരുവനന്തപുരം മുട്ടത്തറയിലെ വീട് സന്ദർശിച്ച ശേഷം വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം. ഇതിന്റെ മറവിൽ സംസ്ഥാനവ്യാപകമായി സംഘടിത അക്രമങ്ങളാണ് സി.പി.എം ഗുണ്ടകൾ കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കൾക്കും എതിരെ നടത്തുന്നത്. 142ൽപ്പരം കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർത്തു. വായനശാലകളും കൊടിമരങ്ങളും നശിപ്പിച്ചു. പ്രബുദ്ധ കേരളത്തിന് നാണക്കേടാണിത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണം. വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയാണ് ഇ.പി.ജയരാജൻ. അദ്ദേഹം ഉന്നയിച്ച ആരോപണം തെളിയിക്കാൻ അടൂർ പ്രകാശ് എം.പി നേരിട്ട് വെല്ലുവിളിച്ചിട്ടുണ്ട്.

ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്-എം വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കിയിട്ടില്ലെന്നും അവരുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അദ്ധ്യായമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വി.എസ്.ശിവകുമാർ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും മുല്ലപ്പള്ളിക്കൊപ്പം ലീനയുടെ വീട്ടിലെത്തി.

ഡി.സി.സി പ്രസിഡന്റുമാരുടെ ഉപവാസം

കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ഇന്ന് ഉപവാസം അനുഷ്ഠിക്കും