തിരുവനന്തപുരം: സപ്ളൈകോയുടെ ഷോപ്പിംഗ് മാൾ പദ്ധതി യാഥാർത്ഥ്യമാകുന്നു. ആദ്യ മാൾ പിറവത്ത് പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പിറവം മുനിസിപ്പാലിറ്റിയുമായി ചേർന്നൊരുക്കുന്ന മാളിന് സബർബൻമാൾ എന്നാണ് പേര്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബ് തുടക്കമിട്ട പദ്ധതിയാണിത്. അഞ്ചുനില മാളിൽ രണ്ടു നിലകളിലായി സപ്ളൈകോയുടെ ഹൈപ്പർമാർക്കറ്റ്, ഗൃഹോപകരണങ്ങളുടെ ഷോറൂമുകൾ എന്നിവ പ്രവർത്തിക്കും. മറ്റ് നിലകളിൽ മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഷോപ്പുകളുമാണ് ഉണ്ടാവുക. ഏറ്റവും മുകളിലെ നിലയിൽ മൾട്ടിപ്ലക്സ് തീയേറ്റർ ഉൾപ്പെടെ വിനോദസൗകര്യങ്ങൾ ഒരുക്കും. എസ്‌കലേറ്റർ, ലിഫ്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മാളിലുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സപ്ളൈകോ പുതിയ റിഫൈൻഡ് ആട്ട പുറത്തിറക്കും. കിലോഗ്രാമിന് വില 43 രൂപ. മറ്റ് റിഫൈൻഡ് ആട്ടയ്ക്ക് പൊതു വിപണിയിൽ 57 രൂപ വരെ വിലയുണ്ട്.
5 നിലകൾ
ഒരു നിലയുടെ വിസ്തീർണം 7,500 ചതുരശ്ര അടി
ആകെ 37,500 ചതുരശ്ര അടി
സപ്ളൈകോയുടെ വലിയ വ്യാപാരകേന്ദ്രങ്ങൾ
സൂപ്പർമാർക്കറ്റ് : 375
ഹൈപ്പർ മാർക്കറ്റ് : 4
പ്രിമിയം : 2
പീപ്പിൾസ് ബസാർ : 22
അപ്പ്നാ ബസാർ : 1
''സബർബൻ മാൾ യാഥാർത്ഥ്യമാകുന്നതിലൂടെ സപ്ളൈകോയുടെ വികസനത്തിന്റെ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ് ""
അലി അസ്ഗർ പാഷ,
എം.ഡി, സപ്ളൈകോ