suresh

നാഗർകോവിൽ: നാഗർകോവിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ ആറ് വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ കൃഷ്ണൻ കോവിൽ സ്വദേശി സുരേഷാണ് (33) അറസ്റ്റിലായത്. നാഗർകോവിൽ വെള്ളമഠം സ്വദേശിയായ സുബൈയാ (57), ഭാര്യ വസന്തി (52), മകൾ അഭി ശ്രീ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2014 ഡിസംബർ 20നായിരുന്നു സംഭവം.

വസന്തിയുടെയും അഭിശ്രീയുടെയും മൃതദേഹങ്ങൾ വീടിന്റെ തോട്ടത്തിലും സുബൈയയുടേത് 26ന് മുപന്തലിലുള്ള വനത്തിൽ അഴുകിയ നിലയിലുമാണ് കണ്ടെത്തിയത്. ഭൂതപ്പാണ്ടി പൊലീസ് രജിസ്റ്റർ ചെയ്യ്ത കേസിലെ പ്രതികളെ പിടികൂടാൻ കഴിയാത്തത്തതിനെ തുടർന്ന് 2015 ൽ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറിയിരുന്നു

തുടർന്ന് നാഗർകോവിൽ സ്വദേശി മെറിൻ രാജേന്ദ്രനെ സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. മെറിനെ ചോദ്യം ചെയ്തപ്പോഴാണ് സുരേഷിനൊപ്പമാണ് കൊലപാതകം നടത്തിയതെന്ന് മനസിലായത്. സുരേഷ് ഗൾഫിലേക്ക് മുങ്ങുകയും ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമുണ്ടായത്.

അതിനിടെ ഇന്നലെ രാവിലെ സുരേഷ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് കന്യാകുമാരി സി.ബി.സി.ഐ.ഡി ഇൻസ്പെക്ടർ ശാന്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സുരേഷിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.