വിതുര: തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നലെ തൊളിക്കോട് മലയടി പി.എച്ച്.സിയിൽ വച്ച് നടത്തിയ ആന്റിജൻ ടെസ്റ്റ്‌ ക്യാമ്പിൽ 49 സാമ്പിൾ പരിശോധിച്ചു. ഒൻപത് പേർക്ക് പോസിറ്റീവായി. ചായം വാർഡിൽ പെട്ട ആറു പേർക്കും, തേവൻപാറ വാർഡിലെ മൂന്നു പേർക്കുമാണ് പോസിറ്റീവായത്. ഇവരുടെ സമ്പർക്ക പട്ടിക പരിശോധന നടത്തുന്നുണ്ട്. തൊളിക്കോട് പഞ്ചായത്തിൽ നിലവിൽ 25പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ 37പേർക്ക് രോഗബാധ ഉണ്ടായിരുന്നു. ഇതിൽ കൂടുതൽ പേരും രോഗമുക്തി നേടി. ഒരാൾ മരണപ്പെടുകയും ചെയ്തു. പഞ്ചായത്തിലെ തോട്ടുമുക്ക്, പുളിമൂട്, പനയ്‌ക്കോട്, ചെറുവക്കോണം, തൊളിക്കോട് എന്നീ അഞ്ചു വാർഡുകളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ചായം വാർഡിൽ രോഗികളുടെ എണ്ണം ഒൻപത് ആയി ഉയർന്നതോടെ ഈ വാർഡിലും നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ പഞ്ചായത്തിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംനാനവാസ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും വാർഡും: ചായം-9, തോട്ടുമുക്ക് -8,പുളിമൂട് -3, തേവൻപാറ -3, പുളിച്ചാമല-2.