plazma
അഫെർസിസ് യന്ത്രം

കൊച്ചി: കൊവിഡ് 19 രോഗബാധിതർക്ക് പ്ലാസ്മാ തെറാപ്പി ചികിത്സക്ക് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ അഫെർസിസ് യന്ത്രവും. യന്ത്രം വാങ്ങാൻ കെ.ജെ. മാക്‌സി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 20,20,000 രൂപ അനുവദിച്ചു. രോഗം ഭേദമായവരുടെ രക്തം ശേഖരിച്ച് പ്ലാസ്മ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടർന്നിരുന്നത്. യന്ത്രമുപയോഗിച്ചാൽ നേരിട്ട് ശരീരത്തിൽ നിന്നു പ്ലാസ്മ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതുവഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയും. 14 ദിവസം കഴിഞ്ഞാൽ വീണ്ടും പ്ലാസ്മ നൽകാനും കഴിയും. രക്തം സ്വീകരിക്കുന്ന രീതിയിലാണെങ്കിൽ മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ പ്ലാസ്മ സ്വീകരിക്കാൻ കഴിയൂ. മെഡിക്കൽ കോളേജിലെ പ്ലാസ്മാ തെറാപ്പി വിഭാഗത്തിന് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ പറഞ്ഞു. പ്ലാസ്മ ചികിത്സയിലൂടെ നിരവധി കോവിഡ് രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ മെഡിക്കൽ കോളേജിന് സാധിച്ചിട്ടുണ്ട്.