lory

കാട്ടാക്കട: കാട്ടാക്കടയിൽ നടുറോഡിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു. ഡ്രൈവർ, ക്ളീനർ എന്നിവരും വഴിയാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 9.15 ഓടെ കാട്ടാക്കട പൂവച്ചൽ റോഡിൽ ശ്രീകൃഷ്ണപുരം റോഡിന് സമീപം പുഞ്ചിരി ഗ്ലാസ് ഹൗസിനു മുന്നിലാണ് അപകടം. പനച്ചമൂട് സ്വദേശികളായ ഡ്രൈവർ ലാൽ, ക്ളീനർ സെയ്ദ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിറയെ തടിയുമായി വന്ന ലോറി കൊടും വളവിൽ പൊട്ടിപൊളിഞ്ഞു കിടന്ന റോഡിൽ എത്തിയതോടെ മുന്നോട്ടു പോകാൻ കഴിയാതെ കുടുങ്ങി. ഡ്രൈവർ വാഹനം നിറുത്തുകയും വളരെ ശ്രമപ്പെട്ട് വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ വശം ചരിഞ്ഞു റോഡ്‌ വിട്ടു മാറി കടയുടെ മുന്നിലായി പതിച്ചു. ഇവിടെ ഉണ്ടായിരുന്ന ഇരുചക്ര വാഹനം അടിയിൽപ്പെട്ട് നശിച്ചു. ഈ സമയം അതു വഴി സ്‌കൂട്ടറിൽ കടന്നു പോയ ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു.