പോത്തൻകോട്: പോത്തൻകോട് ജംഗ്ഷനിലെ അഴിയാത്ത ഗതാഗതകുരുക്കിനെ മെരുക്കാൻ സ്ഥാപിച്ച സി.സി ടി.വികളും ട്രാഫിക് ലൈറ്റുകളും ഊരാക്കുടുക്കാവുന്നു. സി. ദിവാകരൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷത്തിനാണ് ജംഗ്‌ഷനിൽ ട്രാഫിക് സിഗ്‌നൽ സംവിധാനമൊരുക്കിയത്. ഇത് ഉദ്ഘാടനം ചെയ്ത് ഏതാനും ആഴ്ചയ്‌ക്കുള്ളിൽ തന്നെ പൊലീസിടപെട്ട് ട്രാഫിക് ലൈറ്റുകൾ നിറുത്തി.
വേണ്ട പഠനമില്ലാതെ കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ സംവിധാനം ജഗ്‌ഷനിലെ ഗതാഗത കുരുക്ക് ഇരട്ടിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് മൂന്നുവർഷം മുമ്പ് പ്രവർത്തനം നിറുത്തിച്ചത്.
ജംഗ്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാർക്കിംഗ് സൗകര്യമൊരുക്കാതെയും, റോഡ് മാർക്കും കടന്ന് പ്രവർത്തിക്കുന്ന അനധികൃത ടെമ്പോ ഓട്ടോറിക്ഷ സ്റ്റാന്റുകളുമാണ് ഗതാഗതകുരുക്കിനുള്ള കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് പരിഹരിക്കാതെ മുടന്തൻ ന്യായവാദങ്ങൾ നിരത്തി അധികൃതർ സിഗ്നലുകളെ നോക്കുകുത്തിയാക്കിയെന്നും പരാതിയുണ്ട്.
കലങ്ങിയ സി.സി ടി.വി
കൊട്ടിഘോഷിച്ച് സ്ഥലത്തെ വ്യാപാരികളുടെ സഹായത്തോടെ ഏഴ് ലക്ഷം മുടക്കി പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിൽ ജംഗ്‌ഷനിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളും ഇപ്പോൾ നോക്കുകുത്തിയാണ്. രണ്ടുവർഷം മുമ്പാണ് ഇത് തകരാറിലായത്. ജംഗ്‌ഷനിലെ തന്ത്ര പ്രധാന സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒമ്പത് കാമറ യൂണിറ്റുകൾ സ്ഥാപിച്ചത്. പോത്തൻകോട് ചന്തയ്ക്ക് സമീപം പ്രവർത്തിക്കുന്ന സി.ഐ ഓഫീസിലായിരുന്നു കൺട്രോൾ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. പോത്തൻകോട് എസ്.എച്ച്.ഒയായി സി.ഐ ചാർജ്ജെടുത്തതോടെ നിലവിലെ സി.ഐ ഓഫീസ് ഒഴിയുകയും കൺട്രോൾ യൂണിറ്റ് പോത്തൻകോട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് കാമറകൾ നിശ്ചലമായത്. കാമറ സംവിധാനം വന്നതോടെ ജംഗ്‌ഷനിലെ കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നു.
കണക്കുകൾ ഇങ്ങനെ
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചെലവ്- 15 ലക്ഷം
സിഗ്നൽ തുറന്ന് മൂന്നാമത്തെ ആഴ്ച പൊലീസ് ഓഫാക്കി
സി.സി ടി.വികൾ സ്ഥാപിക്കാനുള്ള ചെലവ്- ഏഴ് ലക്ഷം