പോത്തൻകോട്: ജംഗ്ഷനിലെ അനിയന്ത്രിതമായ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം നോക്കുകുത്തിയാവുന്നതായി പരാതി. സ്ഥലം എം.എൽ.എ.സി.ദിവാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം വിനിയോഗിച്ചാണ് ഇത് സ്ഥാപിച്ചത്. മതിയായ പഠനം നടത്താതെ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനം ആരംഭിച്ചതോടെ ഗതാഗത കുരുക്ക് മാറിയില്ലെന്ന് മാത്രമല്ല പതിന്മടങ്ങായി വർദ്ധിച്ചെന്നും ആരോപിച്ചാണ് മൂന്നുവർഷം മുമ്പ് പ്രവർത്തനം നിറുത്തിവെപ്പിച്ചത്. എന്നാൽ ഇതിലും വീതികുറഞ്ഞ ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലിക പാർക്കിംഗ് സൗകര്യങ്ങളും ജംഗ്ഷനിൽ റോഡ് മാർക്കും കടന്ന് പ്രവർത്തിക്കുന്ന അനധികൃത ടെമ്പോ ഓട്ടോറിക്ഷ സ്റ്റാന്റുകൾ മാറ്റിസ്ഥാപിച്ചും ഗതാഗതകുരുക്കിന് പരിഹാരം കാണാതെ മുടന്തൻ ന്യായവാദങ്ങൾ നിരത്തിയാണ് ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റിയത് എന്ന ആക്ഷേപവുമുണ്ട്.
നിലവിലെ സാഹചര്യത്തിൽ പോത്തൻകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാൻ അനധികൃത പാർക്കിംഗ് ഒഴിവാക്കി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. കാമറ സംവിധാനത്തിലെ കേബിളുകൾക്കാണ് തകരാർ. അവ മാറ്റിസ്ഥാപിക്കാൻ നല്ല ചെലവ് വരും.
- ഡി.ഗോപി ,പോത്തൻകോട് സി.ഐ.