road

പൂവാർ: കഴക്കൂട്ടം കാരോട് ബൈപ്പാസ് കടന്നു പോകുന്ന കഴിവൂർ പ്ലാവിളയിൽ ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലിമൂട് - പ്ലാവിള - പറയൻവിളാകം റോഡിലാണ് പാലം ആവശ്യമായിരിക്കുന്നത്. വേങ്ങപ്പൊറ്റ നിന്നും കല്ലുമലയിലേക്ക് കടന്നു പോകുന്ന ബൈപ്പാസ് റോഡിന്റെ നിർമാണം പൂർത്തിയാക്കണമെങ്കിൽ പ്ലാവിളയിൽ നിലവിലുള്ള പൊതുമരാമത്ത് റോഡ് മുറിച്ചു മാറ്റേണ്ടിവരും. ബസ് സർവീസ് നിലവിലുണ്ടായിരുന്ന റോഡ് മുറിക്കുമ്പോൾ സർവീസ് പുനഃരാരംഭിക്കാൻ കഴിയുംവിധം പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നെല്ലിമൂട് നിന്നും മുലയൻതാന്നി, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ, പ്ലാവിള, താഴങ്കാട്, പറയൻവിളാകം, കാഞ്ഞിരംകുളം വരെ നീളുന്ന റോഡാണിത്. പറയൻവിളാകത്തുനിന്നും മരപ്പാലം വിഴിഞ്ഞം, മരപ്പാലം പൂവാർ എന്നീ റോഡുകളിലേക്കും പ്രവേശിക്കാനാകും. നെല്ലിമൂട് കോൺവെന്റ്, ന്യൂ ഹൈസ്കൂൾ, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ എന്നിവിടങ്ങളിലേയ്ക്ക് കുട്ടികൾക്ക് എത്തിപ്പെടാനും,മുലയൻ താന്നി ദേവീക്ഷേത്രം, പറയൻവിളാകം ക്ഷേത്രം, കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ.കോളേജ്, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ നാട്ടുകാർക്ക് യാത്ര ചെയ്യാനും ഈ റോഡ് അനിവാര്യമാണ്. പാലം ഇല്ലാതെ വന്നാൽ കാഞ്ഞിരംകുളത്തേക്കും നെല്ലിമൂട്ടിലേക്കും പോകാൻ വേങ്ങപ്പൊറ്റ വഴി കുറഞ്ഞത് 2 കിലോമീറ്ററിലധികം ചുറ്റേണ്ടി വരും. ഈ ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് നാഷണൽ ഹൈവേ അതോറിട്ടി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയതായി ഭാരവാഹികൾ പറഞ്ഞു. ബൈപ്പാസ് നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്ലാവിളയിൽ ഓവർ ബ്രിഡ്ജ് നിർമിക്കുമെന്ന് ബന്ധപ്പെട്ടവരിൽ നിന്നും രേഖാമൂലം ഉറപ്പ് കിട്ടിയില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി.സുധാകരൻ പറഞ്ഞു. 2012 ലാണ് നാഷണൽ ഹൈവേ ഒഫ് അതോറിട്ടി കഴക്കൂട്ടം കാരോട് ബൈപ്പാസിനായുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. 2014ൽ ഇതിനായുള്ള വസ്തു ഏറ്റെടുക്കുകയും 2016ൽ മുക്കോല കാരോട് ബൈപ്പാസ് നിർമ്മാണം എൽ ആൻഡ് ടി കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഇതിന്റെ നിർമ്മാണ കാലാവധി 2018 വരെയായിരുന്നു. എന്നാൽ 2020 എത്തിയിട്ടും പണി പൂർത്തിയായിട്ടില്ല. ഇനിയും വർഷങ്ങൾ നീളുമെന്നാണ് നാട്ടുകാർ പറയുന്നത്. ബൈപ്പാസിനായി ഭൂമി വിട്ടു നൽകിയവരിൽ പലർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.