കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയിലെ ഡോക്ടറെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ആശൂപത്രിയുടെ പ്രവർത്തനം താളംതെറ്റി. ഡോക്ടറെ മാറ്റിയ വിവരം അറിയാതെ എത്തിയ പതിവ് രോഗികൾ മണിക്കൂറുകൾ കാത്തുനിന്നശേഷം മടങ്ങി. ഡോക്ടറുടെ സേവനം ഇല്ലാതായതോടെ ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ആതുര സേവനം നടത്തുന്ന ഡിസ്പെൻസറിയുടെ പ്രവർത്തനമാണ് അവതാളത്തിലായത്. ഒരു ഡോക്ടർ മാത്രമുള്ള സ്ഥാപനത്തിൽ നിന്ന് കൊവിഡ് സംബന്ധമായ ജോലികൾക്ക് ഡോക്ടർമാരെ നിയോഗിക്കരുതെന്ന ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം നിലനിൽക്കെ ഡി.എം.ഒയുടെ നടപടി ശരിയായില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയുർരക്ഷ ക്ലീനിക്ക്,അമൃതം,പുനർജനി തുടങ്ങിയ പദ്ധതികളുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. അതിനാൽ നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബിനു ആവശ്യപ്പെട്ടു.