k-surendran
കെ. സുരേന്ദ്രൻ

'കെ. സുരേന്ദ്രൻ - ഒരു സങ്കീർത്തനം" എന്ന ശീർഷകത്തിൽ പെരുമ്പടവം ശ്രീധരനെഴുതിയ അനുസ്മരണം (ആഗസ്റ്റ് 10) ഒരു ഗുരുവന്ദനമായി അനുഭവപ്പെട്ടു. കാരണം, കെ. സുരേന്ദ്രൻ സാഹിത്യത്തിലെ തന്റെ ഗുരുവും വഴികാട്ടിയുമാണെന്ന് പല വേദികളിൽ അഭിമാനപൂർവം ലേഖകൻ പറയുന്നത് കേട്ടിട്ടുണ്ട്.

കെ. സുരേന്ദ്രന്റെ സാഹിത്യ സംഭാവന നിസ്തുലമാണ്. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പയറ്റിത്തെളിഞ്ഞ് 1960-ൽ 'താളം" എന്ന ആദ്യ നോവൽ എഴുതുമ്പോൾ കെ. സുരേന്ദ്രന് പ്രായം 38. ആദ്യ നോവലിനെ സഹൃദയർ ഹൃദയപൂർവം സ്വാഗതം ചെയ്തു. പിന്നീട് നോവലിന്റെ പ്രവാഹമായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നോവലുകളിലൂടെ വായനക്കാരന്റെ മനസിനെ കീഴടക്കി ഒരു ജൈത്രയാത്ര നടത്തിയ കെ. സുരേന്ദ്രൻ വളർന്ന് പന്തലിച്ചു.

സ്‌ത്രീകളെ കേന്ദ്ര സ്ഥാനത്ത് അവരോധിച്ച് നോവലെഴുതി വിജയിച്ച വിരളം എഴുത്തുകാരിൽ പ്രമുഖനാണ് കെ. സുരേന്ദ്രൻ.

വായനക്കാരന്റെ മനസിനെ ആകർഷിക്കുന്ന ഓർമ്മക്കുറിപ്പെഴുതിയ പെരുമ്പടവം ശ്രീധരന് പൂച്ചെണ്ടുകൾ.

ബാബുസേനൻ

ചെങ്ങന്നൂർ

പരീക്ഷാ കൺട്രോളർ

നടപടി സ്വീകരിക്കണം

തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന വിവിധ തസ്തികകളിലേക്ക് (ഒരു മാസത്തിൽ നാല് പരീക്ഷകൾ) വീതം നടത്തി, എത്രയും വേഗം റിസൽട്ട് പ്രസിദ്ധീകരിക്കാൻ വേണ്ടി ദേവസ്വം റിക്രൂട്ട്‌മെന്റ് പരീക്ഷാ കൺട്രോളർ നടപടി സ്വീകരിക്കണം.

ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം

ഉചിതമായ മുഖക്കുറിപ്പ്

കേരളകൗമുദി ആഗസ്റ്റ് 21-ന് ''എയർപോർട്ട് കൈമാറ്റത്തിൽ വിറളി എന്തിന്" എന്ന ശ്രദ്ധേയമായ തലക്കെട്ടിൽ വിവരിച്ചിരിക്കുന്ന വസ്തുനിഷ്ഠമായ എഡിറ്റോറിയൽ ഇവിടത്തെ ഭരണപക്ഷവും പ്രതിപക്ഷവും മനസിരുത്തി വായിക്കണം.

കേരളം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്നത് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളാണ്. ഇരുകൂട്ടരും അവസരം കിട്ടുമ്പോഴെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളെ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ കറവപ്പശുക്കളാക്കുന്ന പണിയേ ഇന്നുവരെയും നടത്തിയിട്ടുള്ളൂ.

വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുന്ന ഒരു പരിഷ്കാരത്തെ നിങ്ങളെന്തിന് ഒറ്റക്കെട്ടായി എതിർക്കുന്നു?

ജനങ്ങൾക്ക് പ്രയോജനമുണ്ടാകുന്നതിനെ, കഴുത്ത് ഞെരിച്ച് കൊല്ലാതിരിക്കുക!

എസ്. അരുണഗിരി

പേഴുംതുരുത്ത്