പുതുതലമുറയെ നേർവഴിക്ക് നടത്താൻ കർമ്മനിരതരായിരിക്കുന്ന സ്വന്തം അദ്ധ്യാപകർക്ക് ഒരു വന്ദനം പറയാൻ, അവർ നിർദ്ദേശിക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് വേണ്ടവിധം പ്രതികരിക്കാൻ, യുക്തമായ മറുപടി പറയാൻ, നമ്മുടെ കുഞ്ഞുങ്ങൾ പൂർണ മനസ് കാണിക്കാറുണ്ടോ? ഇല്ലെന്ന് പറയേണ്ടിവരും. എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്? എന്തുകൊണ്ട് ഇത്തരം നല്ല ശീലങ്ങളിലേക്ക് പുതുതലമുറയെ നയിക്കാൻ നമുക്കാകുന്നില്ല. ഒട്ടും അശാസ്യകരമല്ലാത്ത ഈ പെരുമാറ്റ രീതിയുടെ കാര്യകാരണങ്ങൾ അന്വേഷിച്ച് അലയേണ്ടതില്ല. നാം രക്ഷിതാക്കൾ, പല സന്ദർഭങ്ങളിലും ശുഭാശംസ നേർന്നും അപരനെ അഭിനന്ദിച്ചും പുതുതലമുറയ്ക്ക് മാതൃക കാട്ടുന്നതിൽ പരാജയപ്പെടുന്നുണ്ട്. അനുഭവത്തിന്റെ പിൻബലത്താൽ മുതിർന്നവർ പറയുന്ന വാക്കുകൾക്ക് ചെവികൊടുക്കാൻ, അവ അംഗീകരിക്കാൻ രക്ഷിതാക്കളായ നമ്മളും ശീലിച്ചിട്ടില്ലാത്തതിനാൽ അത്തരം നല്ല ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ നമുക്കും വേണ്ടവിധം കഴിഞ്ഞിട്ടില്ല.
എന്തിനും ഏതിനും എപ്പോഴും 'അരുത്" (NO) എന്ന വിലക്ക് അടിച്ചേല്പിക്കുന്നതിലൂടെ ആ ഇളം മനസിലെ ധൈര്യവും ആത്മവിശ്വാസവും തങ്ങൾ ചോർത്തിക്കളയുകയാണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ മനസിലാക്കുന്നില്ല. തൂവെള്ള കടലാസിന്റെ വെൺമയുള്ള ഹൃദയവും നിഷ്കളങ്കമിഴികളുമായി ഈ ഭൂമിയിൽ പിറന്നുവീഴുന്ന പിഞ്ചോമനകളുടെ ഇളം മനസിലേക്ക് പാരുഷ്യത്തിന്റേതായ മുള്ളുകൾ കുത്തിയിറക്കുന്നത് നാം ഓരോരുത്തരുമല്ലേ? കുഞ്ഞുങ്ങൾ
എവിടെയായാലും കുഞ്ഞുങ്ങൾ തന്നെയാണ്. അവന് അവന്റെ പ്രായത്തിനനുസരിച്ചേ ചിന്തിക്കാനാകൂ; പ്രവർത്തിക്കാനാകൂ.
കുഞ്ഞുങ്ങളെ നല്ല ശീലം പഠിപ്പിക്കുവാൻ ആദ്യം വേണ്ടത് ക്ഷമാശീലമാണ്. നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലെയും സൗഹൃദാന്തരീക്ഷം നമ്മുടെ കുഞ്ഞുങ്ങൾക്കായി നാം പുനരാവിഷ്കരിക്കേണ്ടതുണ്ട്. അവരുടെ ചെറിയ വിജയങ്ങൾ പോലും ആഘോഷമാക്കി മാറ്റുന്ന, വാരിപ്പുണർന്ന് ചുംബനം നൽകി സന്തോഷം പങ്കിടുന്ന, പ്രതിസന്ധിയിൽ ചേർത്ത് നിറുത്തുന്ന, തെറ്റുകളെ ക്ഷമാപൂർവം തിരുത്തുന്ന ഒരു മനസ് നമുക്ക് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
എത്ര മുതിർന്ന് കഴിഞ്ഞാലും സ്വന്തം അച്ഛനമ്മമാർക്ക് മുന്നിൽ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെയാണ്. മാതാപിതാക്കളുടെ സ്നേഹപരിലാളനങ്ങൾ ആഗ്രഹിക്കുന്ന ഒരു മനസ് അവനുണ്ട്. ഉന്നത മാർക്കുകൾ, റാങ്കുകൾ കരസ്ഥമാക്കാൻ വേണ്ടി മാത്രം കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന രക്ഷിതാക്കളേയും സമൂഹത്തെയുമാണ് ഇന്ന് നമുക്ക് കാണുവാൻ കഴിയുന്നത്. അതാത് പരീക്ഷകളിൽ വിജയം കൊയ്യുന്നവരുടെ ജീവിതവിജയത്തെക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല.
മലയാളികൾ ഏറ്റവും കൂടുതലായി ഉപയോഗിച്ച് കാണുന്ന അനുചിതമായ പദമാണ് 'കുഴപ്പമില്ല" എന്നത്. പരീക്ഷ കഴിഞ്ഞ് വരുന്ന കുട്ടിയോട് പരീക്ഷ എങ്ങനെയുണ്ടെന്ന് ആര് ആരാഞ്ഞാലും ബഹുഭൂരിഭാഗം കുട്ടികളുടേയും മറുപടിയും അതുപോലെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ് ചോദിച്ചാൽ പെണ്ണിനും ആണിനും അവരെക്കുറിച്ച് പരസ്പരം പറയാനുള്ള അഭിപ്രായവും, ഏതെങ്കിലും നല്ല സൃഷ്ടി അത് ദൃശ്യശ്രവ്യ രചനാപരമായ എന്തിനെക്കുറിച്ചായാലും പറഞ്ഞുപതിഞ്ഞ 'കുഴപ്പമില്ല" എന്ന വാക്ക് തന്നെയാണ് ഏതൊരു മലയാളിയുടെ നാവിൽ നിന്നും ആദ്യം കേൾക്കാൻ കഴിയുക.
പരീക്ഷയിൽ ലഭിക്കുന്ന മാർക്കല്ല ഒരാളുടേയും ജീവിതവിജയത്തിന് അളവുകോലാകുന്നത് അഥവാ അങ്ങനെയായിരുന്നുവെങ്കിൽ നമ്മുടെ സ്കൂൾ തലം മുതൽ ഉന്നതതലം വരെ പ്രഖ്യാപിക്കപ്പെടാറുള്ള റാങ്ക് ജേതാക്കളായ ഏവരുടേയും ജീവിതവിജയം പുതുതലമുറയ്ക്ക് മാതൃകയാക്കാൻ കഴിയുമായിരുന്നില്ലേ?
'അരുതുകൾ" കൊണ്ടുള്ള വേലിക്കെട്ടുകളിൽ കുട്ടികളെ തളച്ചിടാതെ 'അഭിനന്ദന"ത്തിന്റേതായ സുവർണ ദണ്ഡിനാൽ ആത്മവിശ്വാസത്തിന്റെ പാതയിലൂടെ ശുഭാപ്തിവിശ്വാസത്തിലേക്ക് അവരെ നയിക്കൂ.
ഏത് പ്രതികൂല സാഹചര്യത്തിലും ഒരു പോസിറ്റീവ് ചിന്തയോടെ ഉറച്ച ആത്മവിശ്വാസത്തോടെ, ആത്മധൈര്യത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്ത് വിജയം കൊയ്യാൻ നമുക്കാകണം. ഉറച്ച ലക്ഷ്യബോധത്തോടെ, തികഞ്ഞ ആത്മാഭിമാനത്തോടെ നമ്മുടെ കുട്ടികൾ ഉയരങ്ങൾ പ്രപ്തമാക്കട്ടെ, കൊടുമുടികൾ കീഴടക്കട്ടെ, ലക്ഷ്യസാക്ഷാത്ക്കാരം കൈവരിക്കട്ടെ.
(ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാനാണ് ലേഖകൻ)
ഫോൺ: 9446065751
joythischandran2122@gmail.com