couri

കിളിമാനൂർ: കൊവിഡ് എല്ലാം തൂത്തെറിഞ്ഞപ്പോൾ പച്ച പിടിച്ച ഒരുകൂട്ടർ നാട്ടിലുണ്ട്, സാക്ഷാൽ കൊറിയർ സർവീസ്. പ്രിയപ്പെട്ടവർക്കുള്ള സാധനങ്ങളും മറ്റുമെത്തിക്കാൻ ഇപ്പോൾ കൂടുതൽപേരും കൊറിയർ സർവീസുകളെയാണ് ആശ്രയിക്കുന്നത്.

ബന്ധുകൾക്ക് കൊറിയറിലൂടെ ഓണക്കോടി അയച്ചവരും ധാരാളമുണ്ട്.

ഉണക്ക മീൻ മുതൽ മരുന്ന് വരെ അന്യനാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് പാഴ്‌സലായി കൊറിയർ അയയ്ക്കുന്നുണ്ട്. കൊവിഡിൽ വാണിജ്യ പാഴ്‌സലുകൾ കുറഞ്ഞെങ്കിലും ഉപഭോക്താക്കൾ കൂടിയ സന്തോഷത്തിലാണ് കൊറിയർ കമ്പനികൾ. പുറത്തു പോകാനുള്ള പേടി മൂലമാണ് പലരും പാഴ്‌സൽ സർവീസുകളെ ആശ്രയിക്കുന്നത്. ബിസിനസിൽ വൻ കുറവുണ്ടായെങ്കിലും വാക്കിംഗ് കസ്റ്റമേഴ്സ് (ഒരു തവണ പാർസൽ അയക്കുന്നവർ) കൂടിയിട്ടുണ്ടെന്നാണ് കമ്പനികൾ പറയുന്നത്.

 ബംബറായ ഓണക്കാലം

ഓണക്കാലം കൊറിയറുകാർക്ക് ബംബറായിരുന്നു. വിദേശ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കുമെല്ലാം ധാരാളം പാഴ്‌സലുകളയച്ചു. നിരക്ക് കുറവാണ് പ്രധാന ആകർഷണം. 50 രൂപ മുതലാണ് നിരക്ക്. ഉണക്ക മീൻ, ചെമ്മീൻ തുടങ്ങി കൂടുതൽ കാലം സൂക്ഷിക്കാവുന്ന സാധനങ്ങളാണ് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത്. കളിപ്പാട്ടങ്ങളും കൊറിയറിലൂടെ എത്തുന്നുണ്ട്.

 മരുന്ന് പാഴ്സൽ

അന്യ നാടുകളിലെ ക്ഷാമം നേരിടാൻ കേരളത്തിൽ നിന്ന് പാഴ്‌സലായി മരുന്നുകൾ അയയ്ക്കുന്നവരുമുണ്ട്. ഇതിലേറെയും കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളാണ്. വിദേശ രാജ്യങ്ങളിലേക്കാവശ്യ മരുന്നുകൾ എത്തിക്കാനുള്ള സന്നദ്ധത ഡി.എച്ച്.എ.എൽ കൊറിയർ കമ്പനി നോർക്ക റൂട്ട്സിനെ അറിയിച്ചിരുന്നു പായ്‌ക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനൽ ബില്ല്, കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ ആധാർ കോപ്പി എന്നിവ സഹിതം ഓഫീസിലെത്തിക്കണം.