മോഹൻലാൽ സംവിധായകനാവുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം ഈ വർഷം തന്നെ ഉണ്ടാവാൻ സാധ്യതയെന്ന് ആന്റണി പെരുമ്പാവൂർ. 'മോഹൻലാൽ സർ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു, ഈ വർഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുൾ ത്രിഡി ആയാണ് ചിത്രം നിർമ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ചിത്രീകരണം, ഒരുപാട് വ്യത്യാസമുണ്ട്. സിനിമ എത്ര ദൈർഘ്യമുണ്ട് എന്ന് വരെ തീരുമാനിച്ചിട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. ടെക്നീഷ്യൻസുൾപ്പടെ പുറത്ത് നിന്ന് നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.' ആന്റണി പെരുമ്പാവൂർ പറഞ്ഞു.
പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിംഗുണ്ടാവും.
ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂർത്തിയാക്കിയിട്ടുണ്ട്. 'ബറോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാൽ വ്യക്തമാക്കിയിരുന്നു. തീരുമാനം മുൻകൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹൻലാൽ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സിനിമയുടെ സംവിധായകൻ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. ബറോസ് ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ' ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാൽ പറയുന്നു.