pj

ജോസിന് മുന്നണിയിൽ തുടരാൻ അർഹതയില്ല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി കേരള കോൺഗ്രസ്- ജോസ് വിഭാഗത്തിന് അനുകൂലമായതോടെ അവരോടുള്ള മുൻ സമീപനത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമുണ്ടായതിൽ നീരസവുമായി പി.ജെ. ജോസഫ്. നിയമസഭയിലടക്കം യു.ഡി.എഫ് നിർദ്ദേശം ലംഘിച്ച ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും നേരിൽ കണ്ട് ജോസഫ് ആവശ്യപ്പെട്ടു.

നേരത്തേയുണ്ടായ കോടതി വിധിയനുസരിച്ച് ജോസിന് പാർട്ടി ചെയർമാനായി ഇപ്പോഴും പ്രവർത്തിക്കാനാവില്ലെന്നാണ് ജോസഫിന്റെ വാദം. കമ്മിഷൻ ഉത്തരവിലും ജോസിന് ചെയർമാൻ പദം അനുവദിച്ചുനൽകിയിട്ടില്ല. യു.ഡി.എഫ് തീരുമാനങ്ങൾ നിരന്തരം ലംഘിക്കുന്ന ജോസ് വിഭാഗത്തിന് തുടരാൻ അർഹതയില്ലെന്ന മുന്നണി തീരുമാനം കൺവീനർ ബെന്നി ബെഹനാൻ മാദ്ധ്യമങ്ങളെ നേരത്തേ അറിയിച്ചതാണെന്നും അതു നിലനിൽക്കുകയാണെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫിന്റെ ഒരു തീരുമാനവും അവർ അനുസരിച്ചിട്ടില്ല. രാജ്യസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ല. നിയമസഭയിൽ സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലും വിട്ടുനിന്നു. അതുകൊണ്ടാണ് യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് തീരുമാനിച്ചത്. കാര്യങ്ങൾ മനസിലാക്കാതെയാണ് ചില നേതാക്കൾ ഇപ്പോഴും പ്രതികരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റിന്റെയും മറ്റും അയഞ്ഞ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ കാര്യങ്ങൾ ശരിക്കും പഠിക്കാതെയാണ് നേതാക്കൾ പ്രതികരിക്കുന്നതെന്നായിരുന്നു മറുപടി. യു.ഡി.എഫിൽ വിഷയം ചർച്ച ചെയ്യുമ്പോൾ ഞങ്ങൾ അഭിപ്രായം പറയും.

കമ്മിഷന്റെ തീരുമാനമുണ്ടായിരിക്കുന്നത് പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ടാണ്. അതിൽ തന്നെ കമ്മിഷനിലെ ഒരംഗത്തിന്റെ ശക്തമായ വിയോജിപ്പുമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകും. പാർട്ടി ചെയർമാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി നിലനിൽക്കുന്നതിനാൽ ഇടപെടുന്നില്ലെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. ചെയർമാനെന്ന നിലയിൽ പത്രപ്രസ്താവന നടത്താനുള്ള അധികാരം പോലും ജോസിനില്ല. ധൈര്യമുണ്ടെങ്കിൽ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. കോടതിവിധിക്കെതിരെ പ്രവർത്തിക്കുന്ന ജോസിനെതിരെ കോടതിയലക്ഷ്യ നടപടിയുമെടുക്കും.

വർക്കിംഗ് ചെയർമാനായ തന്നിലാണ് അധികാരങ്ങളിപ്പോഴും. നിയമസഭയിൽ വിപ്പ് നൽകാനുള്ള അവകാശം ചെയർമാനാണ്. അല്ലെങ്കിൽ ചെയർമാന്റെ ചുമതല വഹിക്കുന്ന ഞാൻ നിർദ്ദേശിക്കുന്ന ആളിനാണ്. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് സ്പീക്കർ ആവശ്യപ്പെട്ടത് പ്രകാരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് അറിയിച്ചു. പാർട്ടിവിപ്പും സെക്രട്ടറിയും മോൻസ് ജോസഫാണ്. ജോസ് വിഭാഗം അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർക്ക് കത്ത് നൽകും.