dulkar

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കടുത്ത വ്യായാമത്തിലും ആരോഗ്യ സംരക്ഷണത്തിലുമൊക്കെ ആയിരുന്നു സിനിമ താരങ്ങൾ. പലരുടേയും ലുക്ക് തന്നെ മാറിപ്പോയി. അത്തരത്തിൽ ലുക്ക് മാറിയ ഒരാളാണ് ദുൽഖർ സൽമാൻ. തന്റെ ചുരുളൻ മുടി സ്റ്റൈൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. ചിത്രങ്ങൾക്ക് കമന്റുകളുമായി നസ്രിയ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ എത്തി. മുമ്മുവിന്റെ മുടിയുടെ അത്ര ഭംഗിയില്ല ദുൽഖറിന്റെ ചുരുളൻ മുടി എന്നാണ് നസ്രിയ കുറിച്ചത്. അത് ശരിയാണെന്ന് ദുൽഖറും സമ്മതിക്കുന്നുണ്ട്. ദുൽഖറിന്റെ മകൾ മറിയം ആണ് മുമ്മു. നടൻ ടൊവിനോ തോമസ്, ഗായകൻ വിജയ് യേശുദാസ് തുടങ്ങിയവരൊക്കെ ദുൽഖർ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തി. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം ദുൽഖറിന്റെ നിർമ്മാണക്കമ്പനിയായ വേഫയറർ ഫിലിംസ് നിർമിച്ച രണ്ടാമത്തെ ചിത്രം മണിയറയിലെ അശോകൻ കഴിഞ്ഞദിവസമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ്‌ചെയ്തത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ചിത്രം ഇന്നലെയും ഇന്നും രണ്ടാം സ്ഥാനത്താണെങ്കിൽ ആദ്യദിവസം ഒന്നാം സ്ഥാനത്തായിരുന്നു. അതിലുള്ള സന്തോഷം നിർമ്മാതാവായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യയ്‌ക്കൊപ്പം യു.എ.ഇയിലും ചിത്രം സിനിമകളുടെ ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാമതെത്തിയ കാര്യവും ദുൽഖർ അറിയിച്ചു. സ്‌ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ഇക്കാര്യം അറിയിച്ചത്.