chenni

വെഞ്ഞാറമൂട്: സ്വർണക്കടത്ത് കേസിൽ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസിന്റെ ഓഫീസുകൾ തകർക്കുന്ന രീതി സർക്കാർ ഇടപ്പെട്ട് നിറുത്തണം. കാറ്റു വിതച്ച് കൊടുങ്കാറ്റിലേക്ക് പോകുന്ന അവസ്ഥ ഇല്ലാതാക്കണം.

കേരളത്തിൽ നിയമവാഴ്ച തകർന്നെന്നും കൊലപാതക രാഷ്‌ട്രീയങ്ങളെ പ്രതികാരം കൊണ്ടല്ല നിയമപരമായി നേരിടുന്ന പാരമ്പര്യമാണ് കോൺഗ്രസിനുള്ളതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അര നൂറ്റാണ്ടായി കണ്ണൂരിൽ നടത്തുന്ന രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഈ സംഭവമെന്നും ദശകങ്ങളായി തകർത്തു കൊണ്ടിരിക്കുന്ന മലബാർ രാഷ്‌ട്രീയത്തെ തിരുവിതാംകൂറിൽ കൊണ്ട് വരരുതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. അക്രമത്തിനിരയായ കന്യാകുളങ്ങര കോൺഗ്രസ് ഭവൻ, വെഞ്ഞാറമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി. നായരുടെ വീട് എന്നിവിടങ്ങളിൽ ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും സന്ദർശിച്ചു. എം.എം. ഹസൻ, വി.എസ്. ശിവകുമാർ എം.എൽ.എ, തമ്പാനൂർ രവി, പാലോട് രവി, ശരത് ചന്ദ്രപ്രസാദ്, കരകുളം ചന്ദ്രൻ, ഷാനവാസ്, തേക്കട അനിൽ, വെമ്പായം അനിൽ, സുജിത് എസ്. കുറുപ്പ് എന്നിവർ പങ്കെടുത്തു.