jk

വർക്കല: പ്രധാന ടൂറിസം കേന്ദ്രമായ വർക്കല പാപനാശം മേഖലയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച നടപ്പാത സംരക്ഷണം ഇല്ലാതെ കാടുകയറി നശിക്കുന്നു. ടൂറിസം മേഖലയുടെ വികസനത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ഗസ്റ്റ് ഹൗസിനു സമീപം റോഡരികിൽ നിർമ്മിച്ച നടപ്പാതയാണ് കാടുകയറി കാൽനടയാത്ര പോലും തടസപ്പെട്ട നിലയിലായത്. ജനാർദ്ദനപുരം, കുരയ്ക്കണ്ണി റോഡിൽ ഗസ്റ്റ്ഹൗസ് വളവിൽ നിന്ന് ഹെലിപ്പാഡിലേക്ക് തിരിയുന്ന കൊച്ചുവിള മുക്കുവരെയാണ് നടപ്പാത നിർമ്മിച്ചത്. വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും യാത്രാസൗകര്യം ഒരുക്കാനാണ് നടപ്പാതയും സംരക്ഷണവേലിയും നിർമ്മിച്ചത്. നടപ്പാതയുടെ പലഭാഗങ്ങളിലും പുല്ല് വളർന്ന് കാടായി മാറിയിട്ടുണ്ട്. പാകിയ തറയോടുകൾക്ക് ഇടയിലൂടെയാണ് പുല്ലുവളർന്ന് കയറിയത്. നടപ്പാതയിൽ പുല്ലുവളർന്ന് പന്തലിച്ച് റോഡിലേക്ക് ഇറങ്ങിയതോടെ കാൽനടയാത്രക്കാർ ഇതിൽ തട്ടിവീണ് പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്. പ്രഭാത സവാരിക്കിറങ്ങുന്ന വൃദ്ധജനങ്ങളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. നടപ്പാതയിൽ കാടുകയറിയതോടെ പ്രഭാതസവാരിക്കാർ ഇപ്പോൾ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതും അപകടങ്ങൾക്ക് കാരണമാകുന്നു. വി. ജോയി എം.എൽ.എ മുൻകൈയെടുത്താണ് നടപ്പാതകളിൽ മനോഹരമായ തറയോടുകൾ പാകിയും സംരക്ഷണവേലികൾ തീർത്തും കാൽനടയാത്ര സുരക്ഷിതമാക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരുന്നത്. എന്നാൽ ഇവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പ്രാദേശിക ഭരണകൂടത്തിനാണെന്നിരിക്കെ ഇക്കൂട്ടർ ഒഴിഞ്ഞ് മാറുന്നതായി പരാതിയുമുണ്ട്.