pond

പാറശാല: പലവക്കുളത്തെ പഞ്ചായത്ത് അവഗണിച്ചതോടെ നഷ്ടമായത് ഒരു ഗ്രാമത്തിന്റെ പാരമ്പര്യമായിരുന്നു. ഞാറുകൾ കൊണ്ട് സമൃദ്ധമായിരുന്നതിനാൽ ഞാറൽ എന്ന് വിളിപ്പേര് നേടിയിരുന്ന ധനുവച്ചപുരം കൊല്ലയിൽ പഞ്ചായത്തിൽ നെൽക്കൃഷി നിലച്ചിട്ട് കാൽ നൂറ്റാണ്ടാകുന്നു. പ്രദേശത്തെ കുളങ്ങൾ സംരക്ഷിക്കുന്നതിൽ കൊല്ലയിൽ പഞ്ചായത്ത് വരുത്തിയ വീഴ്ച കാരണമാണ് നെൽപ്പാടങ്ങൾ കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് കരഭൂമികളായി മാറിയതിന്റെ പ്രധാന കാരണം. കൊല്ലയിൽ പഞ്ചായത്തിലെ പുതുശേരിമഠം വാർഡിൽപ്പെട്ട പലവക്കുളം നാശത്തിലേക്ക് എത്തിയതിന്റെ പിന്നിലും സംരക്ഷണം ലഭിക്കാത്തതാണ്. 208 ഹെക്ടർ നെൽപ്പാടങ്ങളാണ് ഇവിടെ കൺമറഞ്ഞു പോകുന്നതിനും വഴിവച്ചത്. കേരളത്തിൽ നെൽക്കൃഷി പ്രേത്സാഹിപ്പിക്കുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനുമായി കരഭൂമികൾ പോലും നെൽപ്പാടങ്ങളാക്കാൻ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള പലവക്കുളമാണ് കാൽ നൂറ്റാണ്ടായി നവീകരണമില്ലാതെ നാശത്തിന്റെ വക്കിലായിരിക്കുന്നത്. കടുത്ത വേനലിൽ പോലും സമീപത്തെ പാടശേഖരത്തെ കൃഷി നടന്നിരുന്നത് ഈ കുളത്തിൽ നിന്നാണ്. മുൻപ് വേനലിൽ ഇവിടത്തെ കിണറുകളും വറ്റാറില്ലായിരുന്നു. നെയ്യാർ ഇടതുകര കനാലിൽ നിന്നും ലഭിച്ചിരുന്ന വെള്ളമാണ് ഇവിടെ സംഭരിച്ച് നിർത്തിയിരുന്നത്. അധികൃതരുടെ സഹായത്തോടെ ചില ഭൂമാഫിയകൾ പാടത്ത് കണ്ണ് വച്ചതോടെയാണ് പലവക്കുളം പൂർണമായും വിസ്മൃതിയിലേക്ക് എത്തിയത്. നെൽക്കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വന്നതോടെ കൃഷി ഉപേക്ഷിക്കേണ്ടി വരികയും കിട്ടിയ വിലയ്ക്ക് പാടങ്ങൾ വിൽക്കേണ്ടി വന്നതായും കർഷകർ ആരോപിക്കുന്നു.
'ജലസംരക്ഷണത്തിന്റെ പേരിൽ പഞ്ചായത്ത് രണ്ട് വർഷമായി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 15 ലക്ഷം രൂപയാണ് പലവക്കുളത്തിനായി ചെലവഴിച്ചത്. പക്ഷേ സഡക് പദ്ധതിയിൽ നവീകരിച്ച റോഡിന്റെ അശാസ്ത്രീയ നിർമ്മാണം കാരണം കുളത്തിൽ ചോർച്ചയുണ്ടായി. കുളത്തിലേക്ക് ഇടതുകര കനാലിൽ നിന്നും വെള്ളം എത്തിയതോടെ ലീഡിഡ് പാനൽ പുനർനിർമ്മിക്കേണ്ട സ്ഥിതിയാണ്. കൂടാതെ കുളത്തിനുള്ളിൽ പന്ത്രണ്ട് അടിയോളം താഴ്ചയിൽ ചെളികോരി മാറ്റേണ്ടതുണ്ട്. തൊഴിലുറപ്പ് ജോലിയിൽ കൂടുതലും സ്ത്രീകളായതിനാൽ ചെളി കോരി മാറ്റുവാൻ കഴിയാത്ത സ്ഥിതിയാണ്. ഫണ്ട് എൻ.ആർ.ജി അയതിനാൽ മണ്ണ്മാന്തി യന്ത്രം ഉപയോഗിക്കാനും കഴിയില്ല. കുളം നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

"കാര്യങ്ങൾ എം.എൽ.എ യെ കണ്ട് ബോധിപ്പിച്ചിരുന്നു എം എൽ .എ ഫണ്ട് ഉപയോഗപ്പെടുത്തി കുളം നവീകരിക്കണമെന്ന ആവശ്യപ്പെട്ടങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു..."
- എൽ .ആർ .ബിന്ദു,

വാർഡ് മെമ്പർ