തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിൽ ചികിത്സയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതായി ബി.ജെ.പി ആരോപിച്ചു. 2018 സെപ്തംബർ 9നാണ് മലയാള ഭാഷയുമായി ബന്ധപ്പെട്ട പൊതുഭരണ വകുപ്പിന്റെ അപ്രധാന ഫയലിൽ മുഖ്യമന്ത്രിയുടെ ഒപ്പിടുന്നത്. സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. 23ന് തിരിച്ചുവന്നു. പിന്നെ എങ്ങനെയാണ് ഫിസിക്കൽ ഫയലിൽ സെപ്തംബർ 9ന് ഒപ്പിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ ചോദിച്ചു. അത് ഡിജിറ്രർ ഒപ്പല്ലെന്നും സാധാരണ ഒപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബർ മൂന്നിനാണ് ഈ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. 9ന് ഒപ്പിട്ട ശേഷം ഫയൽ 13ന് തിരിച്ചുപോവുകയും ചെയ്തു. വ്യാജ ഒപ്പിട്ടത് സ്വപ്‌ന സുരേഷാണോ ശിവശങ്കറാണോ?. മുഖ്യമന്ത്രിയുടെ ഒപ്പിടാൻ ഏതെങ്കിലും കൺസൾട്ടൻസിയെ ഏല്പിച്ചിട്ടുണ്ടോ?. ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയനല്ല, പിണറായി വ്യാജനാണെന്നും ആരോപിച്ചു. ഈ സംഭവത്തിന് ശേഷമാണ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നത്.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിദേശത്തേക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളിൽ ഒപ്പുവച്ചിരുന്നത്. കഴിഞ്ഞ നാലര വർഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ഫയലിൽ ഒപ്പിട്ടത് എങ്ങനെയെന്ന് വ്യക്തമാക്കണം: കെ. സുരേന്ദ്രൻ
കോഴിക്കോട്: വിദേശത്തായിരിക്കെ പ്രധാന ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് നാഥനില്ലാ കളരിയായി. അദ്ദേഹം ഒപ്പിടേണ്ട സ്ഥാനത്ത് അപരന്മാരാണ് ഒപ്പിടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്ത് നടക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ല. ആരാണ് മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഒപ്പിട്ടത്. വിദേശയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒപ്പ് ഡിജിറ്റൽ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബി.ജെ.പി നേതാവ് ആരോപണമായി ഉന്നയിച്ചിരിക്കുന്ന ഫയലിലെ തന്റെ ഒപ്പ് ഡിജിറ്റൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണരീതിയിൽ ഐപാഡിൽ ധാരാളം ഫയലുകൾ വരും. അതിൽ ഒപ്പിടേണ്ട രീതികളും തെളിഞ്ഞുവരും. താനിട്ടത് ഡിജിറ്റൽ ഒപ്പ് തന്നെയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ താൻ ഓഫീസിന് പുറത്ത്, അതായത് തിരുവനന്തപുരത്തിന് പുറത്ത് എവിടെയായിരുന്നാലും, വിദേശത്തായാലും ഫയൽ തീർപ്പിന് ഇ-ഓഫീസ് സോഫ്റ്റ്വെയർ ഉപയോഗിക്കാറുണ്ട്. അതിൽ ഒരപാകതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.