കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ഫിക്‌സഡ് ഫയർ ഫൈറ്റിംഗ് എക്വുപ്മെന്റിന് തീപിടിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടൽ കാരണം കൂടുതൽ അപകടങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെയാണ് സംഭവം. കെട്ടിടത്തിന് മുകളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാപന ഉടമകളും ജീവനക്കാരും ചേർന്ന് ഫയർ എസ്റ്റിംഗ്യുഷർ ഉപയോഗിച്ചു തീ കെടുത്തുകയായിരുന്നു. കാട്ടാക്കട ഫയർസ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ,​ എസ്.ഐമാരായ നിജാം, ഹെന്റേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വാട്ടർടാങ്കിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് പൈപ്പിലൂടെ ജലം എത്തിക്കുന്ന സംവിധാനത്തെ നിയന്ത്രിക്കുന്ന ഉപകരണമാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായാൽ രക്ഷാ പ്രവർത്തനം സുഗമമായി നടത്തുന്ന സംവിധാനത്തിനുള്ള എൻ.ഒ.സി ഇതുവരെ പുതുക്കിയിട്ടില്ല. ഇതുസംബന്ധിച്ച് മുമ്പ് പലതവണ ഫയർഫോഴ്സ് ഡിപ്പോ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ഇതേക്കുറിച്ച് കാട്ടാക്കട ഡിപ്പോ അധികൃതർ പ്രതികരിച്ചിട്ടില്ല. കാട്ടാക്കട സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സുമേഷ്, ഫയർമാൻ പ്രശാന്ത്, അരുൺ, അഖിലൻ, ശ്രീജിത്ത്, ഡ്രൈവർമാരായ അലക്‌സാണ്ടർ, ഷിബുകുമാർ, റിക്രൂട്ട്‌മെന്റ് ട്രെയ്‌നികളായ മുകേഷ് ഗോഡ്‌സിൻ എന്നിവരാണ് പരിശോധന നടത്തിയത്.