കൊച്ചി: ഓണം വന്നുപോയി, സദ്യയും ഉണ്ടു. പക്ഷേ വ്യാപാരികൾക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ആളും ആരവവുമില്ലാതെ ഓണാഘോഷം വീടുകളിൽ ഒതുങ്ങിയപ്പോൾ അടിപതറിയത് വ്യാപാര മേഖലയ്ക്കാണ്.
റേഷൻ അരി വിതരണം സുഗമമായി നടക്കുന്നതും ഓണക്കിറ്റ് അടക്കം സൗജന്യമായി ലഭിച്ചതും കടകളിൽ എത്തുന്നവരുടെ എണ്ണം കുറച്ചു. പച്ചക്കറികൾക്കെല്ലാം വില വർദ്ധിച്ചതിനാൽ ആവശ്യക്കാർ കുറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് അളുകൾ വീട്ടുവളപ്പിൽ കൃഷി തുടങ്ങിയതും കച്ചവടക്കാർക്ക് തിരിച്ചടിയായി. പൂക്കളങ്ങളെല്ലാം ഇലകൾ കൊണ്ടു നിറഞ്ഞപ്പോൾ വാടി കരിഞ്ഞത് പൂവിപണിയാണ്.
ഓണക്കോടി മങ്ങി
വസ്ത്രവ്യാപാര മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. കടകളിൽ ആളുകൾ എത്തിയെങ്കിലും പതിവു പോലെ ഓണത്തിരക്ക് അനുഭവപ്പെട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും കടകളിൽ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയത്തോടെ അവിടെയും കാര്യമായ നേട്ടം കൊയ്യാൻ സാധിച്ചില്ല. വിപണന മേളകൾ ഒന്നും നടത്താൻ സാധിക്കാത്തതിനാൽ വിവിധ സംഘടനകളും നഷ്ടത്തിലാണ്.
വഴിയോരം വിപണിയായി
വഴിയോര ചിപ്സ്, ശർക്കരവരട്ടി കച്ചവടക്കാർക്ക് ഇക്കുറി കൊയ്ത്തുകാലമായിരുന്നു. ഭൂരിഭാഗം ആളുകളും വഴിയോര കച്ചവടക്കാരിൽ നിന്നാണ് ഉത്പന്നങ്ങൾ വാങ്ങിയത്. ഓണം വിപണി മുന്നിൽ കണ്ട് വില കൂട്ടിയായിരുന്നു വില്പന. അര കിലോ ചിപ്സിന് 80 രൂപയിൽ നിന്ന് 150 രൂപ വരെയെത്തി.
നഷ്ടവിപണി
"2018 ലെ പ്രളയത്തിന് ശേഷം ഓണവിപണി നഷ്ടത്തിലാണ്. ഇത്തവണ പ്രളയം മാറി നിന്നപ്പോൾ കൊവിഡ് വില്ലനായി. പലരും ഓൺലൈൻ വ്യാപാരത്തിലേക്ക് മാറിയത് കച്ചവട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി."
ഹമീദ്
വ്യാപാരി