തിരുവനന്തപുരം: കൊവിഡ് അനുബന്ധ മൊബൈൽ മെഡിക്കൽ സർവയലൻസ് യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മെഡിക്കൽ - ലാബ് പരിശോധന സൗകര്യമുള്ള 14 യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. 9 മാസത്തേക്ക് 2.75 കോടി രൂപയാണ് ചെലവ്. നേരത്തെ അനുവദിച്ച 27 യൂണിറ്റുകൾക്ക് പുറമേയാണിത്. നാഷണൽ ഹെൽത്ത് മിഷൻ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പിൾ ശേഖരണം, സാധാരണ രോഗങ്ങൾക്കും വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള പ്രതിരോധ സേവനങ്ങൾ, പ്രഥമശുശ്രൂഷ, റഫറൽ സേവനങ്ങൾ, കുടുംബാസൂത്രണ സേവനങ്ങൾ, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കൽ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത രോഗങ്ങളുടെ നിർണയം, പതിവ് ചികിത്സ, അടിയന്തര രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ എന്നിവർ പങ്കെടുത്തു.