arrest

കൊല്ലം:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് പാവുമ്പയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനും ഖാദി ഗ്രാമോദ്യോഗ് ഭവനും നേരെ അക്രമം നടത്തിയ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മണപ്പളളി തെക്ക് പാറയ്ക്കൽ പുത്തൻവീട്ടിൽ ഷാൻകുമാർ (36), പാവുമ്പ തെക്ക് കോലെടുത്തേത്ത് വീട്ടിൽ മിഥുൻമോഹൻ(23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പൊലീസ് വെളിപ്പെടുത്തി. കണ്ടാലറിയാവുന്ന ഇരുപതോളം പേരാണ് അക്രമത്തിന് പിന്നിലുണ്ടായിരുന്നതെന്നും മറ്റ് പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കരുനാഗപ്പള്ളി അസി.കമ്മിഷണർ ഗോപകുമാർ അറിയിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി സംഘമാണ് ഓഫീസുകളുടെ വാതിൽ ചവിട്ടിതുറന്ന് ഉപകരണങ്ങൾ തല്ലിത‌ക‌ർത്തത്. സംഭവത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് വെളിപ്പെടുത്തി. പ്രദേശത്ത് കരുനാഗപ്പള്ളി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് കാവലും നിരീക്ഷണവും തുട‌ർന്നുവരികയാണ്.