തിരുവനന്തപുരം: ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്ര് സിറ്റിക്ക് 220 ഹെക്ടർ ഭൂമി ഏറ്രെടുത്ത് നൽകാൻ റവന്യൂവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് അയ്യമ്പുഴ വില്ലേജിലാണ് ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്ര്) സിറ്രി സ്ഥാപിക്കുന്നത്. വിജ്ഞാനാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ വരിക. പദ്ധതി പൂർത്തീകരണത്തോടെ ഒന്നേകാൽ ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് അല്ലാതെയും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. 540 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്.
2013ലെ ഭൂമിയേറ്രെടുക്കൽ നിയമപ്രകാരം നിർവഹണ ഏജൻസിയായ കിൻഫ്രയാണ് ഭൂമി എറ്രെടുക്കുക. തണ്ണീർത്തട നിയമം, തീരദേശ നിയന്ത്രണ നിയമം തുടങ്ങിയ നിയമങ്ങൾക്കനുസൃതമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അനുവാദം വാങ്ങേണ്ട ചുമതലയും കിൻഫ്രയ്ക്കാണ്. ദേശീയതലത്തിൽ ആരംഭിക്കുന്ന ഡൽഹി - മുംബയ് വ്യവസായ ഇടനാഴിയുടെ തുടർച്ചയായാണ് ബംഗളുരു കൊച്ചി വ്യാവസായ ഇടനാഴിയും ആരംഭിക്കുന്നത്. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്രിന്റെ ( നിക്ഡിറ്ര്)കീഴിലാണ് പദ്ധതി വരിക. നിക്ഷേപത്തിന്റെ 50 ശതമാനം നിക്ഡിറ്ര് വഹിക്കും. കൂടാതെ നിർവഹണ ഏജൻസിക്ക് വായ്പയും നൽകും.