കോവളം: പദ്ധതികൾ വൈകിപ്പിക്കുന്നതായി ആരോപിച്ച് കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ എൽ.എസ്.ജി.ഡി വിഭാഗത്തിലെ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തടഞ്ഞുവച്ചു. കൊവിഡിന്റെ മറവിൽ രണ്ടുമാസമായി ഫയലുകൾ നോക്കുന്നതിനോ പദ്ധതികൾ പൂർത്തികരിക്കുന്നതിനോ വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ആരോപണം. എ.ഇ. സരിത, ഓവർസീയർ ശ്രീലേഖ എന്നിവരെ പഞ്ചായത്തിലെ വനിതാ അംഗങ്ങൾ ഉൾപ്പെടെ 19ഓളം പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ 11 മുതലാണ് ഓഫീസ് മുറിയിൽ തടഞ്ഞുവച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കഴിഞ്ഞ സാമ്പത്തിക വർഷം 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും നിർമ്മാണം പാതിവഴിയിലായ പല ജോലികൾക്കും എ.ഇ തടസം നിൽക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് സജി ആരോപിച്ചു. സർക്കാർ തീരുമാനങ്ങളെയും പഞ്ചായത്ത് ഭരണസമിതിയെയും അംഗീകരിക്കാത്ത ഉദ്യോഗസ്ഥയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയും സമരം തുടർന്നതോടെ വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ, എസ്.ഐ സജി.എസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസുകാർ സ്ഥലത്തെത്തി. പഞ്ചായത്തിലെ പല വാർഡുകളും കണ്ടെയ്ൻമെന്റ് സോണായിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനുള്ള തടസമാണ് പദ്ധതികൾ വൈകാൻ കാരണമെന്ന് എൽ.എസ്.ജി.ഡിയിലെ എ.ഇ വ്യക്തമാക്കി.