pinaryi-

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തെ തെറ്റായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെങ്കിലും നാട് അതിന്റെ കൂടെയല്ല നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുണ്ടാസംഘർഷമാണെന്ന കോൺഗ്രസ് ആക്ഷേപത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാർ ആരായാലും അവർക്കെതിരെ തക്കതായ ശിക്ഷ വേണമെന്ന് നാട് ആഗ്രഹിക്കുന്നുണ്ട്. തെറ്റായ ചിത്രീകരണത്തിലൂടെ കൊല ചെയ്യപ്പെട്ടവർ കുറ്റവാളികളായി മാറില്ല. അത് മോഹം മാത്രമാണ്. നാട്ടിൽ സമാധാനത്തിന് ഭംഗം വരികയെന്ന ഉദ്ദേശത്തോടെ നടന്നതാണ് ഹീനമായ ഇരട്ടക്കൊലപാതകം. അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് താനിപ്പോൾ പോകുന്നില്ലെന്ന്, കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞൊഴിഞ്ഞു.

കൊലപാതകക്കേസിന്റെ എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസി ഫലപ്രദമായി നോക്കുന്നുണ്ട്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തെപ്പറ്റി പരാതികളില്ല. കുറ്റവാളികളാരെന്ന് അവർ കണ്ടെത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെപ്പറ്റി ചോദിച്ചപ്പോൾ സർക്കാർ പ്രതികരിക്കേണ്ട വിഷയമല്ല അതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.