തിരുവനന്തപുരം:മൂന്ന് മാസത്തോളം നഗരസഭയുടെ ക്വാറന്റെയിൻ സെന്ററുകളിൽ നടത്തിയ സേവനത്തിന് ലഭിച്ച തുകയിൽ നിന്ന് നല്ലൊരു പങ്കും ദുരിതമനുഭവിക്കുന്നവർക്ക് സഹാമെത്തിക്കാൻ സംഭാവന നൽകി യുവാവ്. നെയ്യാറ്റിൻകര തെക്കേ തൈതോട്ടത്തിൽ അരുൺ പണ്ടാരിയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആയിരം രൂപയുടെ ഭക്ഷ്യകിറ്റുകളെത്തിക്കുന്നതിനായി നഗരസഭയുടെ തീരത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് പതിനായിരം രൂപയുടെ സഹായം നൽകിയത്.മേയർ കെ.ശ്രീകുമാർ അരുണിൽ നിന്ന് സഹായം ഏറ്റുവാങ്ങി.കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചിരുന്ന സമയത്തും വീടുകളിൽ ഭക്ഷണമെത്തിക്കുന്ന വോളന്റിയർ പ്രവർത്തങ്ങളുമായി അരുൺ സജീവമായിരുന്നു.ഇപ്പോഴും വള്ളക്കടവ് സിദ്ധ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന റിവേഴ്സ് ക്വാറന്റൈൻ സെന്ററിൽ കർമ്മനിരതനാണ്.അരുണിനെപ്പോലെയുള്ളവർ കൂടെയുള്ളത് ഈ ദുരിത കാലവും അതിജീവിക്കാനുള്ള കരുത്താണെന്ന് മേയർ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സേനയ്ക്കായി www.donatetmc.in എന്ന വെബ്‌സൈറ്റിലൂടെ ഭക്ഷ്യ കിറ്റുകളെത്തിക്കുന്നതിനായി പൊതുജനങ്ങൾക്ക് സംഭാവന ചെയ്യാം.