covid

ഓണം ക്ലസ്റ്റർ രൂപപ്പെടാം

തിരുവനന്തപുരം : ഓണക്കാലത്ത് മാർക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായതിനെത്തുടർന്ന് ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തോത് വർദ്ധിച്ചതിനാൽ, സംസ്ഥാനത്ത് അടുത്ത 14 ദിവസത്തിനുള്ളിൽ ശക്തമായ രോഗവ്യാപനത്തിന് സാദ്ധ്യത.

കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ, പൊതുവെ എല്ലായിടത്തും തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നും, പുതിയ ക്ലസ്റ്ററുകൾ രൂപം കൊള്ളാനിടയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങളുമായി ഉൾപ്പെടെ കൂടുതൽ സമ്പർ‌ക്കമുണ്ടായതിനാൽ, പലയിടങ്ങളിലും ഓണം ക്ലസ്റ്റർ എന്ന തരത്തിൽ രോഗവ്യാപനം രൂക്ഷമായ മേഖലകൾ രൂപം കൊള്ളാനിടയുണ്ട്. കർശനമായ ജാഗ്രത വാക്‌സിൻ വരുന്നതുവരെ തുടരണം. ബ്രേക്ക് ദി ചെയിൻ പോലെയുള്ളവ ഫലപ്രദമായി ഉപയോഗിക്കണം.

മാസ്‌ക് ധരിക്കാത്ത 7477 സംഭവങ്ങൾ സംസ്ഥാനത്ത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തു. സർക്കാർ നിഷ്‌കർഷിച്ച രീതിയിലുള്ള പ്രതിരോധ ഇടപെടൽ കുറയുന്നതിൻെറ സൂചനയാണിത്. ക്വാറൻറൈൻ ലംഘിക്കുന്നവർക്കെതിരായ കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. ലോക്ക്ഡൗൺ നാലാം ഘട്ട ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനവും ഉചിതമായ രീതിയിൽ ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാകുമ്പോൾ ഒരുതരത്തിലുമുള്ള നിയന്ത്രണം വേണ്ടെന്നല്ല അർത്ഥം. എല്ലാ കാലവും അടച്ചിട്ട് മുന്നോട്ടു പോകാനാകില്ല. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറുകയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.