തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച കൊവിഡ് ബ്രിഗേഡിൽ ഇതുവരെ 12,804 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 6236 പേർ മെഡിക്കൽ മേഖലയിൽ നിന്നുള്ളവരാണ്. അലോപ്പതി,ആയുർവേദ,ഹോമിയോ അടക്കം 2397 ഡോക്ടർമാരും 2605 നഴ്‌സുമാരും 706 ലാബ് ടെക്‌നീഷ്യന്മാരും 530 ഫാർമസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ഒരു കരുതൽ ഫോഴ്‌സായി ഒപ്പം നിറുത്തും. വിദഗ്ധർ പ്രവചിച്ചതുപോലെ കേസുകളുടെ എണ്ണം വർദ്ധിച്ചാൽ ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഇവരെ നിയോഗിക്കും. ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ക്യു.ആർ കോഡ് സംവിധാനം ഉടൻ
പൊതുയിടങ്ങളിൽ ആളുകളുടെ വിവരശേഖരണം നടത്താൻ ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏതു സ്ഥാപനത്തിലായാലും എത്തുന്നവർ അവിടെ പ്രദർശിപ്പിച്ച ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുന്നതാണ് രീതി. ഇതോടെ അവിടെ എത്തിയ ആളിനെക്കുറിച്ച് ഇലക്ട്രോണിക്കായി ആവശ്യമായ വിവരങ്ങൾ രേഖയിൽ വരും. പിന്നീട് അവിടെ കൊവിഡ് റിപ്പോർട്ട് ചെയ്താൽ സന്ദർശിച്ച എല്ലാവർക്കും സന്ദേശവും നിർദ്ദേശവും നൽകാൻ ഇത് സഹായിക്കും. കോഴിക്കോട് നടപ്പാക്കുന്ന ഈ രീതി എല്ലായിടത്തും പ്രായോഗികമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.