x

പത്തനംതിട്ട: പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിൽ ആദായ നികുതി വകുപ്പ് നിക്ഷേപകരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. നിക്ഷേപകരുടെ വരുമാന സ്രോതസാണ് പ്രധാനമായും തേടുന്നത്. നിയമപരമായ മാർഗങ്ങളിലൂടെ പണം സമ്പാദിച്ചവരും അനധികൃതമായി സമ്പാദിച്ചവരും നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ. തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിന് സമാന്തരമായാണ് ആദായ നികുതി വകുപ്പും നീങ്ങുന്നത്.

അറസ്റ്റിലായ പോപ്പുലർ ഫൈനാൻസ് മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേലിന്റെ ഒരു മകളും ബന്ധുവുമാണ് സ്ഥാപനത്തെ തകർച്ചയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം തുടങ്ങിയ സ്ഥാപനമായ സാൻസ് പോപ്പുലറിലെ നിക്ഷേപങ്ങളേറെയും മകൾ ആരംഭിച്ച നിധി പോപ്പുലർ ലിമിറ്റഡിലേക്ക് മാറ്റി. തോമസിന്റെ ഭാര്യാ സഹോദരന്റെ പേരിൽ ആസ്ത്രേലിയയിൽ വൻ നിക്ഷേപം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. േപാപ്പുലർ ഫൈനാൻസിലെ നിക്ഷേപങ്ങൾ ഇൗ സ്ഥാപനത്തിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്. തൃശൂർ ആസ്ഥാനമായ മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്കും നിക്ഷേപങ്ങൾ മാറ്റിയിട്ടുണ്ട്. അതേസമയം, നിക്ഷേപകർക്ക് നൽകിയത് പോപ്പുലർ ഫൈനാൻസിന്റെ പേരിലുള്ള കടലാസ് സംഘടനകളുടെ ഒാഹരികളാണ്. വകയാർ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസിന്റെ പല ബ്രാഞ്ച് മാനേജർമാരും രാജിവച്ച് പോയത് ദൈനംദിന പ്രവർത്തനങ്ങളിൽ മകളുടെയും ബന്ധുക്കളുടെയും ഇടപെടൽ കാരണമാണെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിലായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിയ, റേബ എന്നിവരുടെ കസ്റ്റഡി അപേക്ഷയിൽ പത്തനംതിട്ട കോടതി തിങ്കളാഴ്ച തീരുമാനം അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി നാല് പേരെയും കസ്റ്റഡിയിൽ കിട്ടണമെന്ന് പൊലീസ് ഇന്നലെ അപേക്ഷ നൽകിയിരുന്നു.