ചിറയിൻകീഴ്: വലിയകട ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചിറയിൻകീഴിന്റെ ടൗണെന്ന് വിശേഷിപ്പിക്കുന്ന വലിയകടയിലും പരിസര പ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ വാഹനങ്ങൾ കടന്നുപോകുന്നത്. ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മതിയായ ഫുട്പാത്ത് സൗകര്യമില്ലാത്തത് യാത്രക്കാർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും തലവേദനയാണ്. കൊവിഡ് കാലമായതിനാൽ കെ.എസ്.ആർ.ടി.സിയും സമാന്തര സർവീസും സർവീസുകൾ നാമമാത്രമാക്കിയത് വാഹനങ്ങളുടെ എണ്ണം കുറച്ചെങ്കിലും കാതടപ്പിക്കുന്ന രീതിയിലുള്ള ബൈക്ക് യാത്രകൾ മറ്റു വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ എത്തുന്ന വലിയകട ജംഗ്ഷനിൽ സീബ്രാലൈനുകളോ മതിയായ ട്രാഫിക് സംവിധാനങ്ങളോ മുഴുവൻ സമയ പൊലീസോ ഇല്ല. നാലു റോഡുകൾ ചേരുന്ന വലിയകടയിൽ ട്രാഫിക് പൊലീസിന്റെ സേവനം ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ജംഗ്ഷനിലെ റോഡിൽ ഇടക്കാലത്ത് സേഫ്ടി കോൺ സ്ഥാപിച്ചെങ്കിലും വൈകാതെ തന്നെ അതും അപ്രത്യക്ഷമായി. അനധികൃത പാർക്കിംഗും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന്
അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.