01

പോത്തൻകോട് : നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പുരാവസ്തു സ്മാരകമായ മടവൂർപ്പാറ ഗുഹാ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള ഏക മാർഗമായ സ്വാമിയാർ മഠം - മടവൂർപ്പാറ റോഡ് അവഗണനയിൽ. കാൽനടയാത്ര പോലും ദുഷ്കരമായ ഈ റോഡിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും യാത്ര അവസാനിപ്പിച്ചിട്ട് വർഷങ്ങളായി. ഇളകിപ്പരന്നുകിടക്കുന്ന ചല്ലികളിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവായതോടെ ഇരുചക്ര യാത്രികർ ഈ റോഡ് ഉപേക്ഷിച്ചിരിക്കുകയാണ്. റോഡിന്റെ ഭൂരിഭാഗവും പൂർണമായി ടാർ ഇളകി ചല്ലിമാത്രമായി അവശേഷിച്ചതിനാൽ നടന്നുപോകാൻ പോലുമാകാതെ സ്ഥലവാസികൾ ബുദ്ധിമുട്ടുകയാണ്. മടവൂർപ്പാറയിൽ നിന്നാരംഭിച്ച് സ്വാമിയാർ മഠം വരെയും അവിടെന്ന് ചെങ്കോട്ടുകോണത്തേക്കും ഞാണ്ടൂർക്കോണം വഴി അമ്പഴക്കോണം വരെയും 15 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാക്കിയാണ് വികസിപ്പിച്ചത്. എന്നാൽ അഞ്ചുവർഷം പൂർത്തിയായപ്പോൾ ഈ റോഡിൽ ഉൾപ്പെട്ട ചേങ്കോട്ടുകോണം,സ്വാമിയാർ മഠം, ഞാണ്ടൂർക്കോണം ഭാഗം പി.ഡബ്ലിയു.ഡി.ഏറ്റെടുക്കുകയും വീണ്ടും വീതികൂട്ടി റീടാറിംഗ് നടത്തി നവീകരിക്കുകയും ചെയ്തു. എന്നാൽ റോഡിന്റെ ശേഷിക്കുന്ന ഭാഗമായ സ്വാമിയാർ മഠം മുതൽ മടവൂർപ്പാറ വരെയുള്ള ഒരു കിലോമീറ്റർ വരുന്ന ഭാഗം ജില്ലാ പഞ്ചായത്തിന്റെ പി.എം.ജി.എസ്.വൈ. റോഡ് പദ്ധതിയിൽ തന്നെയാണ്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരണത്തിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഏറ്റെടുത്തെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും റോഡുപണിക്കുള്ള സാധനങ്ങൾ ഇറക്കുകയോ നിർമ്മാണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

പ്രശ്നം ഗുരുതരം

കഴക്കൂട്ടം,ശ്രീകാര്യം പഞ്ചായത്തുകൾ നഗരസഭയോട് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് ഈ രണ്ടുപഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രധാന റോഡായിരുന്നു ഇത്. 2007 ൽ റോഡ് ടെൻഡർ ആയെങ്കിലും 2010 ലാണ് പണി പൂർത്തീകരിച്ചത്. അപ്പോഴേക്കും ഈ പഞ്ചായത്തുകൾ നഗരസഭയോട് കൂട്ടിച്ചേർത്തിരുന്നു. ആ സമയത്താണ് റോഡിന്റെ മറ്റ് ഭാഗങ്ങൾ പി.ഡബ്ലിയു.ഡി.ഏറ്റെടുക്കുന്നത്. എന്നാൽ പൊതുമരാമത്ത് ഏറ്റെടുക്കാത്ത സ്വാമിയാർ മഠം - മടവൂർപ്പാറ ഉൾപ്പെടുന്ന ഒരുകിലോമീറ്റർ ദൂരം ഇപ്പോഴും ജില്ലാ പഞ്ചായത്തിന്റെ പി.ഐ.യുവിന്റെ നിയന്ത്രണത്തിലാണ്. അതിനാലാണ് നഗരസഭയ്ക്കും ഇവിടെ അറ്റകുറ്റപ്പണികൾ നടത്താനാകാത്തത്.

മടവൂർപ്പാറ ഗുഹാ ക്ഷേത്രത്തിലേക്കുള്ള ഏക റോഡെന്ന നിലയിൽ, റോഡിന്റെ മറ്റ് ഭാഗങ്ങൾ ഏറ്റെടുത്തതുപോലെ സ്വാമിയാർ മഠം - മടവൂർപ്പാറ ഭാഗവും പി.ഡബ്ലിയു.ഡി.ഏറ്റെടുക്കണം.

- ബി.എസ്.ഇന്ദ്രൻ, കഴക്കൂട്ടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്

റോഡ് നവീകരിച്ചത് 2010ൽ

പഴയ പഞ്ചായത്ത് റോഡിന്റെ വീതി- 4 .5 മീറ്റർ

വികസിപ്പിച്ചത്- 8 മീറ്റർ വീതിയിൽ