കഴക്കൂട്ടം: വാഹന പരിശോധനയ്‌ക്കിടെ ബൈക്ക് ഇടിച്ച് റോഡിൽ വീണ എസ്.ഐയ്‌ക്ക് ഗുരുതരപരിക്ക്. കഠിനംകുളം എസ്.ഐ രതീഷ് കുമാറിനാണ് തലയ്‌ക്കും കൈകാലുകൾക്കും പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെ ചാന്നാങ്കര ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കളെ തടഞ്ഞ് നിറുത്തി പരിശോധിക്കുന്നതിനിടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് എസ്.ഐ ബൈക്ക് തടഞ്ഞപ്പോഴായിരുന്നു അപകടം. ഇവർ ബൈക്ക് നിറുത്താതെ അമിതവേഗതയിൽ ഓടിച്ചുപോയി. പരിക്കേറ്റ രതീഷ് കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.