pond

പൂവാർ: അശാസ്ത്രീയ നിർമാണത്തിലൂടെ കാഞ്ഞിരംകുളം പഞ്ചായത്തിലെ മലിനംകുളം മാലിന്യക്കുളമായി. കുളത്തിന് ഏകദേശം ഒരേക്കർ വിസ്തൃതിയുണ്ടായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ കൈയേറ്റം കാരണം ഇപ്പോൾ 85 സെന്റ് സ്ഥലം മാത്രമായി ഒതുങ്ങി. ഇതിൽ കുറച്ച് ഭൂമി ഇരുകരയിലൂടെയും കടന്നു പോകുന്ന റോഡിനായി മാറ്റിയിട്ടുമുണ്ട്. കോൺക്രീറ്റ് ഉപയോഗിച്ചുള്ള സൈഡി വാൾ നിർമാണം കാരണം കുളത്തിലേക്കുള്ള സ്വാഭാവിക നീരുറവകൾ എല്ലാം അടഞ്ഞു. റോഡിനോട് ചേർന്ന ഭാഗം മാത്രമാണ് കരിങ്കല്ല് അടുക്കിയിട്ടുള്ളത്. ഒരു കാലത്ത ഒരിക്കലും വറ്റാതിരുന്ന കുളത്തിന്റെ ബണ്ട് കോൺക്രീറ്റ് ചെയ്തതോടെ വെള്ളത്തിന്റെ സംഭരണ ശേഷി നഷ്ടപ്പെട്ടു. പ്രദേശത്തെ കിണറുകളിൽ പോലും ജലനിരപ്പ് താഴ്ന്നു.സമീപ പ്രദേശങ്ങളിലെ കൃഷിക്കും വെള്ളം ഉപയോഗപ്പെടുത്താൻ കഴിയാതെയായി. മഴക്കാലമായാൽ കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്നുള്ള ഒഴുകിയെത്തുന്ന മഴവെള്ളവും മാലിന്യവും മലിനംകുളത്തിലാണ് വന്നിടിയുന്നത്. കൂടാതെ സമീപത്തെ ചന്തയിലെ മാലിന്യവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. വീടുകളിലെ കക്കൂസ് മാലിന്യം പോലും ഇവിടേക്ക് ഒഴുകി എത്തുന്നതായി ആരോപണമുണ്ട്. പ്രദേശത്തെ പ്രധാന മാലിന്യ വാഹിയായതിനാലാണ് കുളത്തിന് മലിനംകുളം എന്ന പേര് വന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജഗുരു ബാൽ പറഞ്ഞു. ചെറിയ മഴയിൽപ്പോലും കുളത്തിൽ നിറയുന്ന മലിനജലം സമീപത്തെ വീടുകളിൽ കയറുന്നതും പതിവാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതിനെതിരെ നാട്ടുകാർ നിരന്തരം പ്രക്ഷോഭം നടത്തിയതിന്റെ ഭാഗമായി കുളം നിറയുമ്പോൾ വെള്ളം പമ്പ് ചെയ്ത് മാറ്റാൻ വേണ്ടുന്ന സ്ഥിരം സംവിധാനമൊരുക്കി. മാലിന്യ നിർമ്മാർജ്ജനത്തിന് ഉചിതമായ മാർഗങ്ങൾ കണ്ടെത്തി കുളത്തിൽ മഴവെള്ള സംഭരണം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 2017ൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കുളം നവീകരിച്ചു.

 കുളം നവീകരണത്തിന് ചെലവഴിച്ചത് 40 ലക്ഷം രൂപ

 81.5 ലക്ഷം ലിറ്റർ ജലസംഭരണമെന്ന ലക്ഷ്യം നടപ്പായില്ല

ശേഷിക്കുന്ന കരിങ്കൽ ഭിത്തി പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്.

- സരസി കുട്ടപ്പൻ (പഞ്ചായത്ത് പ്രസിഡന്റ്)

കരിങ്കൽ ഭിത്തി പൊളിച്ചുനീക്കി, കോൺക്രീറ്റ് ചെയ്യുന്നതിലൂടെ കുളത്തിന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടും.

(പരിസ്ഥിതി പ്രവർത്തകർ)