school

പൂവാർ: കൊവിഡ് 19 രോഗവ്യാപനം വർദ്ധിച്ചതോടെ കൊവിഡ് കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് തീരദേശത്തെ സ്കൂളുകൾ. രോഗവ്യാപനം നേരിടുന്നതിനായി തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ചാണ് സർക്കാർ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിൽ സോൺ 3 യിൽ ഉൾപ്പെട്ട കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ സ്കൂളുകളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി (കൊവിഡ് ആശുപത്രി) ഇപ്പോൾ മാറിയിരിക്കുന്നത്. തീരദേശത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഇപ്പോൾ രോഗികൾ എത്തുന്നത് കുറവാണ്. രോഗികളും, ആരോഗ്യ പ്രവർത്തകരും ഡോക്ടറും നഴ്സും എല്ലാവരുമിപ്പോൾ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ്. കരുംകുളം പഞ്ചായത്തിൽ രോഗ വ്യാപനതോത് വളരെ കുറഞ്ഞിട്ടുണ്ട്. ഈ നില തുടർന്നാൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പുറത്തു വരാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.അനിൽകുമാർ പറഞ്ഞു.

കരുംകുളം

കരുംകുളം പഞ്ചായത്തിലെ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളാണ് ആദ്യ ഫസ്റ്റ് ലൈൻട്രീറ്റ്‌മെന്റ് സെന്റർ.

സോൺ 3യിൽ ആദ്യമായി കൊവിഡ് സാമൂഹ വ്യാപനത്തിലേക്ക് കടന്നതും കരുംകുളം പഞ്ചായത്തിലായിരുന്നു. ക്വാറന്റൈനായി മാറ്റിയ സ്കൂളിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ഇവിടെ 150 കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. നൂറോളം പേർ ഇവിടെ ചികിത്സയിലുണ്ട്.

കോട്ടുകാൽ

കോട്ടുകാൽ പഞ്ചായത്തിൽ പുളിങ്കുടി റോസാ മിസ്റ്റിക്ക ബെഡ് സൈദ ഹയർ സെക്കൻഡറി സ്കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മാറിയിരിക്കുന്നത്. 150 കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ 138 പേർ ഇപ്പോൾ ചികിത്സയിലാണ്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ 141 പേരാണ് പോസിറ്റീവായത്.

പൂവാർ

പൂവാർ പഞ്ചായത്തിലെ ഏയ്ഞ്ചൽ സ്കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ. 100 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. 94 പേർ ഇപ്പോൾ ട്രീറ്റ്‌മെന്റിലാണ്. പഞ്ചായത്തിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 354 പേരാണ് പോസിറ്റീവ് ആയത്. പൂവാർ ഗവ.യു.പി സ്‌കൂളിൽ ആദ്യഘട്ടത്തിൽ ക്രമീകരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഏയ്ഞ്ചൽ സ്കൂളുകളിലേക്ക് മാറ്റിയത്.

കുളത്തൂർ

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ഗവ.യു.പി സ്കൂളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ. ഇവിടെ 100 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ 93 പേർ ചികിത്സയിലുണ്ട്. പഞ്ചായത്തിൽ ഇതുവരെ നടത്തിയ പരിശോധനയിൽ 256 പേർ പോസിറ്റീവ് ആയി.