തിരുവനന്തപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ വെട്ടിപ്പരിക്കേല്പിച്ചു. ഗുണ്ടാലിസ്റ്റിൽ പേരുള്ള ശ്രീകാര്യം ബാപ്പുജി നഗർ സ്വദേശി ദീപുവാണ് സുഹൃത്തായ കരിമ്പുക്കോണം സ്വദേശി ശരത് ലാലിനെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്‌തിരുന്ന ഇവർ കല്ലംപ്പള്ളിയിൽ എത്തിയപ്പോഴാണ് വാക്കേറ്റം കൈയാങ്കാളിയായത്. തുടർന്ന് ദീപു കത്തികൊണ്ട് ശരത്തിന്റെ കൈയിൽ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവരുവരും സുഹൃത്തുക്കളായതിനാൽ രാത്രി വൈകിയും ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ദീപുവിന്റെ പേരിൽ നേരത്തെയും കേസുകളുണ്ടെന്നും ശരത് ലാലിന്റെ പേരിൽ ശ്രീകാര്യം സ്റ്റേഷനിൽ കേസുകൾ നിലവിലില്ലെന്നും പൊലീസ് പറഞ്ഞു.