jjj
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്കു ഗതാഗതം സുഗമമാക്കാനും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ട് ആരംഭിച്ച ഔട്ടർ റിംഗ് റോഡ് പദ്ധതി എങ്ങുമെത്തിയില്ല.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ചരക്കു ഗതാഗതം സുഗമമാക്കാനും വ്യാവസായിക വളർച്ചയും ലക്ഷ്യമിട്ട് ആരംഭിച്ച ഔട്ടർ റിംഗ് റോഡ് പദ്ധതി എങ്ങുമെത്തിയില്ല. ജില്ലയുടെ വളർച്ചയ്ക്ക് കുതിപ്പേകുന്ന പദ്ധതിയെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചെങ്കിലും പദ്ധതി ഇപ്പോഴും സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മുതൽ ദേശീയപാത 66, എം.സി റോഡ്, സംസ്ഥാന പാതകൾ എന്നിവയെ ബന്ധിപ്പിച്ച് 79 കിലോമീറ്റർ ദൂരത്തിൽ 60 മീറ്റർ വീതിയിൽ വിഴിഞ്ഞം വരെ ആറുവരിപ്പാത യാഥാർത്ഥ്യമാക്കുന്നതായിരുന്നു പദ്ധതി. സംസ്ഥാന സർക്കാരിന്റെ കാപിറ്റൽ റീജിയണൽ ഡെവപല്മെന്റ് പ്രോജക്ടിനായിരുന്നു (സി.ആർ.ഡി.പി) പദ്ധതിയുടെ ചുമതല. കഴിഞ്ഞ ബഡ്‌ജറ്റിൽ തലസ്ഥാന നഗരിയെ അവഗണിച്ചെന്ന പരാതി ഉയർന്നപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒൗട്ടർ റിംഗ് റോഡ് പദ്ധതി നടപ്പിലാക്കുമെന്ന കാര്യം ഓർമ്മിപ്പിച്ചിരുന്നു. വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സി.ആർ.ഡി.പി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ വകുപ്പിനും നൽകിയിട്ട് എട്ടുമാസമായിട്ടും നടപടിയെടുത്തിട്ടില്ല. നേരത്തെയുണ്ടാക്കിയ അലൈൻമെന്റിൽ ചില മാറ്റങ്ങൾ വരുത്തിയായിരുന്നു സി.ആർ.ഡി.പി ഡി.പി.ആർ സമർപ്പിച്ചത്. വിഴിഞ്ഞത്തു നിന്നുള്ള ഗതാഗതം എളുപ്പമാക്കുന്നതോടൊപ്പം റോഡിനോട് ചേർന്ന് വ്യവസായിക സംരംഭങ്ങളും ടൗൺഷിപ്പുകളും ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ സ്ഥലം ഏറ്രെടുക്കാനുള്ള നടപടിക്രമങ്ങളൊന്നുമായില്ല. പദ്ധതിക്ക് മുമ്പ് പാരിസ്ഥിതിക ആഘാതപഠനവും സാമൂഹ്യ സാമ്പത്തിക ആഘാത പഠനവും നടത്തേണ്ടതുണ്ട്. എന്നാൽ എൽ ആൻഡ് ടി സാമൂഹ്യ സാമ്പത്തിക ആഘാതപഠനം നടത്താൻ തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.

 പകുതി പണം കേന്ദ്രം തരും

4868 കോടി രൂപയാണ് പ്രാഥമികമായി ഇതിന്റെ ചെലവായി കണക്കാക്കിയത്. റോ‌ഡ് നിർമാണം ദേശീയപാത അതോറിട്ടി നടത്തും. കേന്ദ്രം പദ്ധതിയെ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പാത നിർമ്മാണത്തിന്റെ പകുതി ചെലവും സ്ഥലമേറ്റെടുക്കലിന്റെ പകുതി ചെലവും കേന്ദ്രം നൽകും. 1500 ഏക്കർ ഭൂമിയാണ് പാത നിർമ്മാണത്തിനായി വേണ്ടത്. പിന്നെ സമീപ പ്രദേശങ്ങളിലെ വാണിജ്യ വികസനത്തിനായി 800ഓളം ഏക്കർ വേറെയും വേണം. ഭൂമിയേറ്റെടുപ്പ് ഒരു പ്രശ്‌നമാകുമെന്ന് അധികൃതർക്കറിയാം. അതിനായി ലാൻ‌ഡ് ബോണ്ട്, ലാൻഡ് പൂളിംഗ് എന്നീ രണ്ടുരീതികളാണ് അവലംബിക്കാൻ കഴിയുക. ഗുജറാത്തിലും മഹാരാഷ്ട്രയിലും നടപ്പാക്കിയതുപോലെ ലാൻഡ് ബോണ്ടിനാണ് ഇവിടെ സാദ്ധ്യത. സർക്കാർ ഗാരന്റിയിൽ ഭൂഉടമയ്ക്ക് ബോണ്ട് നൽകും. ഇതിന്റെ പലിശയും കിട്ടും. ഭൂമി വികസിപ്പിച്ചശേഷം അതിലൊരു ഭാഗം തിരിച്ചുകൊടുക്കുന്നതാണ് ലാൻഡ് പൂളിംഗ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാരണമാണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാത്തതെന്നാണ് വിവരം. സർവേ നടപടികളും ആരംഭിച്ചിട്ടില്ല.

 യു.പി, ഹരിയാന മോ‌ഡൽ

രണ്ടു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോ‌ദി ഉദ്ഘാടനം ചെയ്‌ത യു.പിയിലെ കുണ്ട്ലി മുതൽ ഗാസിയാബാദ് വഴി ഹരിയാനയിലെ പാൽവാലിലേക്കുള്ള 135 കിലോമീറ്റർ ആറുവരിപ്പാതയായ ഈസ്റ്റേൺ പെരിഫെറൽ എക്‌സ്‌പ്രസ് ഹൈവേക്ക് സമാനമായാണ് നിർമ്മിക്കാൻ ആലോചിച്ചത്.

 നിർമ്മാണം പി.പി.പി മോഡൽ

നാലു എക്കണോമിക് സോണുകൾ

 ആണ്ടൂർക്കോണം, പന്തലക്കോട് - ഐ.ടി, ഐ.ടി അനുബന്ധ വ്യാവസായിക,

സാമ്പത്തിക മേഖല മംഗലപുരം, നീർമൺകുഴി (ലോജിസ്റ്റിക് സോൺ)

മാറനല്ലൂർ (എന്റർടെയിൻമെന്റ് സോൺ) റീഹബിലിറ്റേഷൻ സോൺ എന്നിവയും

 ടോൾ നൽകണം

റിംഗ് റോ‌ഡിലേക്ക് പ്രവേശിക്കാൻ ടോൾ നൽകേണ്ടിവരും. ചുരുക്കം ചില സ്ഥലങ്ങളിൽ നിന്നൊഴികെ ഈ റോഡിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ആറുവരിപ്പാതയാണെങ്കിലും നാലുവരിപ്പാതയും ഇരുവശത്തും രണ്ട് സർവീസ് റോഡുകളുമായിരിക്കും.

 റോ‌ഡ് ഇങ്ങനെ

വിഴിഞ്ഞം ബൈപാസ്, വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തേമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴി പാരിപ്പള്ളിയിൽ പ്രവേശിക്കും. വേങ്കോട് നിന്ന് മംഗലപുരത്തേക്ക് 14 കിലോമീറ്റർ റോ‌‌ഡുണ്ടാക്കും. ആണ്ടൂർക്കോണം, വട്ടപ്പാറ, അരുവിക്കര, ഊരൂട്ടമ്പലം, ബാലരാമപുരം, വിഴിഞ്ഞം ബൈപാസ് എന്നിവിടങ്ങളിൽ മറ്റ് റോഡുകളെ ക്രോസ് ചെയ്യും.