x

കന്നഡ താരം രാഗിണി ദ്വിവേദി ലഹരിക്കുരുക്കിലായി. ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്മനഹള്ളിയിൽ നിന്ന് മയക്കുമരുന്ന് കൈവശം വച്ചതിനും വിനിയോഗം ചെയ്തതിനും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഹയ്യാത്ത് റസ്റ്റോറന്റ് ഉടമ അനൂപ് മുഹമ്മദിനെയും ഒപ്പം പിടിയിലായ സീരിയൽ താരം ഡി. അനിഖയെയും ചോദ്യം ചെയ്തതിലൂടെ കന്നഡ സിനിമയിലെ പതിനഞ്ച് താരങ്ങളിലേക്ക് സംശയമുനകൾ നീളുകയാണ്. ഇതിലൊരു പേരാണ് രാഗിണി ദ്വിവേദിയുടേത്.രാഗിണിയെ ഇന്നലെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.ബംഗളൂരുവിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച രാഗിണിയുടെ അച്ഛൻ രാകേഷ് കുമാർ ദ്വിവേദി ഇന്ത്യൻ ആർമിയിലെ ജനറലായിരുന്നു. അമ്മ രോഹിണി.

ആദ്യം മോഡൽ

r

പ്രസാദ് ബിടാപ എന്ന ഫാഷൻ ഡിസൈനറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രാഗിണിക്ക് രാശി തെളിയുന്നത്. ബിടാപ വഴി ലാക്‌മേ ഫാഷൻ വീക്കിൽ പങ്കെടുത്ത രാഗിണി തുടർന്ന് മനീഷ് മൽഹോത്ര, സബ്യസാചി മുഖർജി തുടങ്ങിയ ഒട്ടേറെ പ്രശസ്ത ഫാഷൻ ഡിസൈനൽമാരുടെ ഷോകളിലെ പതിവ് സാന്നിദ്ധ്യമായി.

അരങ്ങേറ്റം സൂപ്പർഹിറ്റിലൂടെ

r

പതിനൊന്ന് വർഷം മുൻപ് കിച്ച സുദീപിന്റെ നായികയായി വീരമഡകരി എന്ന സൂപ്പർ ഹിറ്റ് കന്നഡ ചിത്രത്തിലൂടെ സിനിമയിലരങ്ങേറിയ രാഗിണി ഇതിനകം കന്നഡ, തമിഴ്, മലയാളം, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 25-ൽപ്പരം സിനിമകളിലഭിനയിച്ചുകഴിഞ്ഞു.മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ഖാണ്ഡഹാറിലൂടെയാണ് രാഗിണി ദ്വിവേദി മലയാളത്തിൽ അരങ്ങേറിയത്. ചിത്രത്തിൽ ബിജുമേനോന്റെ നായികാവേഷമായിരുന്നു രാഗിണിക്ക്. വി.എം. വിനു സംവിധാനം ചെയ്ത ഫേസ് ടു ഫേസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും രാഗിണി അഭിനയിച്ചിട്ടുണ്ട്.

കന്നഡയിലെ ഒരു സിനിമാ നിർമ്മാതാവുമായും മുൻനിര നടനുമായും ബന്ധപ്പെടുത്തി രാഗിണിയുടെ പേര് മുൻപും ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

r

എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് രാഗിണി ദ്വിവേദിയുടെ നിലപാട്.

ഉത്തരവാദിത്വമുള്ള ഒരു പൗരയെന്ന നിലയ്ക്ക് അന്വേഷണോദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ രാഗിണി പറയുന്നു.രാഗിണി ദ്വിവേദിയുടെ ബംഗ്ളൂരുവിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ ആറ് മണി മുതലാണ് സി.സി.ബി (സെൻട്രൽ ക്രൈംബ്രാഞ്ച്) ബംഗളൂരു വിഭാഗം റെയ്ഡ് ആരംഭിച്ചത്.

ഒരു വനിതാ ഓഫീസറുൾപ്പെടെ ഏഴംഗ സംഘമാണ് രാഗിണിയുടെ വീട്ടിൽ റെയ്ഡിനെത്തിയത്.

x

സെപ്തംബർ മൂന്നിനാണ് രാഗിണിക്ക് സി.സി.ബി സമൻസ് അയച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് ഓഫീസർമാരുടെ മുൻപിലെത്തും മുന്നേ രാഗിണി തന്റെ വക്കീലന്മാരുടെ സഹായം തേടി. സമൻസ് ലഭിച്ചത് പെട്ടെന്നുള്ള അറിയിപ്പായതിനാൽ തനിക്ക് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരാകാൻ സാധിച്ചില്ലെന്ന് രാഗിണി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. സെപ്തംബർ 7ന് മുൻപ് ഹാജരാകാമെന്നും രാഗിണി അറിയിച്ചിരുന്നു. തന്റെ സെൽ ഫോൺ നമ്പർ രാഗിണി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. തുടർന്നാണ് സെർച്ച് വാറണ്ടിനുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് അധികൃതർ കോടതിയെ സമീപിച്ചത്. കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ പുലർച്ചെ മുതൽ റെയ്ഡ് ആരംഭിക്കുകയായിരുന്നു.

r

ആഗസ്റ്റ് 21ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കർണാടകയിലെ മയക്കുമരുന്ന് മാഫിയയിൽപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. കന്നഡയിലെ ഒരു ഡസനിലേറെ സിനിമാ പ്രവർത്തകർ തങ്ങളുമായി ബന്ധമുള്ളവരാണെന്ന് പിടിയിലായവർ വെളിപ്പെടുത്തിയിരുന്നു. രാഗിണിയുടെ സുഹൃത്ത് രവിയെ ഏതാനും ദിവസം മുൻപ് മയക്കുമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രവിയെ ചോദ്യം ചെയ്തപ്പോഴാണ് രാഗിണി ദ്വിവേദിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകൾ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.കന്നഡയിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷും കന്നഡ സിനിമയിലെ ചില മിന്നും താരങ്ങൾക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ അന്വേഷണോദ്യോഗസ്ഥർക്ക് നൽകിയിരുന്നു. വിഖ്യാത ചലച്ചിത്രകാരനും പത്രപ്രവർത്തകനുമായ പി. ലങ്കേഷിന്റെ മകനാണ് ഇന്ദ്രജിത്ത്. അക്രമികളുടെ വെടിയേറ്റ് മരിച്ച ജേർണലിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് സഹോദരിയാണ്.