photo

വിതുര: തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ -ചായം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാട് -മൊട്ടമൂട് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിച്ചു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡിവിഷൻ മെമ്പറും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ വി.കെ. മധു റോഡ് സന്ദർശിച്ചു.

നടപടികൾ സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പും നൽകിയിരുന്നു. തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്യാനായി 22 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മാങ്കാട് മുതൽ മൊട്ടമൂട് വരെയുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഗട്ടറുകൾ നിറഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്രയും, കാൽനട യാത്രയും അസാദ്ധ്യമാണ്. മഴക്കാലത്ത്‌ റോഡ് തോട് ആയി മാറും. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം അനവധി അപകടങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽ പെട്ടിട്ടുള്ളത്. റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി ത്രിതല പഞ്ചായത്തുകൾക്കും, മന്ത്രിക്കും അനവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. നിരവധി പ്രാവശ്യം സമരങ്ങളും നടന്നു. കഴിഞ്ഞ തവണ വോട്ട് തേടിയെത്തിയപ്പോൾ റോഡ് നന്നാക്കി തരാമെന്ന് വി.കെ. മധു വാഗ്ദാനം നൽകിയിരുന്നു. അത് നിറവേറിയ സന്തോഷത്തിലാണ് നാട്ടുകാർ.