തിരുവനന്തപുരം: വെഞ്ഞാറമൂടിലെ ഡി.വൈ.എഫ്.ഐ നേതാക്കളായ മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും വെട്ടിക്കൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കൊലയാളി സംഘവുമായി കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ടവർക്കെതിരെ കോൺഗ്രസ് നടത്തുന്ന വ്യാജ ആരോപണങ്ങൾ പ്രതികളെ ഭാവിയിൽ സഹായിക്കാനാണ്. ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യുന്ന നിലപാട് തിരുത്താൻ കോൺഗ്രസ് തയാറാകണം. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, പുരുഷോത്തൻ നായർ എന്നിവർ മുഖ്യപ്രതി സജീവുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടുണ്ട്. ഡി.സി.സി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്. സംഭവത്തിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. വാർഡ് പ്രസിഡന്റായ ഇയാൾ മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്.
പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ് ഏറ്റെടുത്തതിന്റെ തെളിവുകൾ പുറത്തുവരുന്നുണ്ട്. അതിനു പിന്നിൽ അടൂർ പ്രകാശ് എം.പിയാണ്. ഇരട്ടകൊലപാതകത്തെ തുടർന്ന് നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം പറഞ്ഞു.