തിരുവനന്തപുരം: നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളാ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്നും നാളെയും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ആറിനാണ് യു.പി.എസ്.സി പരീക്ഷ. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.