khalid

കാട്ടാക്കട: വൃക്ക തകരാറായതിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി സുമനസുകളുടെ സഹയത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന പൂവച്ചൽ കാപ്പിക്കാട് ചിറത്തലയ്ക്കൽ ഖാലിദ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ഡയാലിസിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
വൃക്ക മാറ്റിവയ്‌ക്കുന്നതിനായി ഉമ്മ ബീവി കുഞ്ഞ് തയാറായിരുന്നെങ്കിലും ഭാരിച്ച ചെലവ് ഖാലിദിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒടുവിൽ സുമനസുകളുടെ സഹായത്തോടെ ലഭിച്ച തുകയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസത്തിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപയുമായി ശസ്ത്രക്രിയ നടത്താൻ ഒരുങ്ങവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ശസ്ത്രക്രിയ നീണ്ടതും. ഭാര്യ ഷാമിലയും ആറിലും ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുമുള്ള ഖാലിദ് വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി പത്തു സെന്റ് ഭൂമിയുണ്ടെങ്കിലും ബാലരമപുരം സഹകരണ ബാങ്കിൽ നിന്നു രണ്ടു ലക്ഷം രൂപ ചിട്ടിയെടുത്തു. സുഖമില്ലാതായതിനെ തുടർന്ന് അടവും മുടങ്ങി. ഇപ്പോൾ അഞ്ചു ലക്ഷം രൂപയായി. ജപ്തി ഭീഷണിയിലുമാണ്. ഖാലിദ് താമസിക്കുന്ന വീട്ടു വാടകയും മുടക്കമാണ്. ഖാലിദിന്റെ ഭാര്യയും രണ്ട് മക്കളും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് വട്ടപ്പാറ ആശുപത്രയിൽ ചികിത്സയിലാണ്.