oomman-chandy

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.

2019ൽ കേരളത്തിൽ തൊഴിൽരഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴിൽരഹിതർ 14,019. കേരളത്തിൽ തൊഴിൽരഹിതരുടെ ആത്മഹത്യാനിരക്ക് 14ശതമാനമാണ്. മഹാരാഷ്ട്ര 10.8%, തമിഴ്നാട് 9.8%, കർണാടക 9.2% എന്നിങ്ങനെ തൊട്ടടുത്തുണ്ട്.

ആറ്റുനോറ്റിരുന്ന പി.എസ്.സി നിയമനം ലഭിക്കാതെ കാരക്കോണം പുത്തൻവീട്ടിൽ അനു ആത്മഹത്യ ചെയ്തപ്പോൾ അത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് സർക്കാരും പി.എസ്.സിയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി. അത് ഒറ്റപ്പെട്ട സംഭവമല്ലെന്ന യാഥാർത്ഥ്യമാണ് പുറത്തുവന്നത്.അനുവിനെപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ സർക്കാരിന്റെ അക്ഷന്തവ്യമായ വീഴ്ചകളുണ്ട്. തൊഴിൽസാധ്യതകളെല്ലാം മങ്ങിനില്ക്കുമ്പോൾ പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടാൻ വിസമ്മതിച്ചതും, പി.എസ്.സി ലിസ്റ്റില്ലാത്ത സാഹചര്യം ചൂഷണം ചെയ്ത് സ്വന്തക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും നിയമിച്ചതുമെല്ലാം ഇതിന് കാരണമാണ്. പുതിയ തൊഴിലവസരമുണ്ടാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. കേരളത്തിനു പുറത്തും വിദേശത്തുമുള്ള തോഴിലവസരങ്ങളുടെയും. കൂമ്പടഞ്ഞു.

എംപ്ലോയ്‌മെന്റെ എക്സ്‌ചേഞ്ചുകളിൽ 43.3 ലക്ഷം തൊഴിലന്വേഷകരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.. സർക്കാരിന്റെ കൈയിലെ ഏതാനും തൊഴിലവസരങ്ങൾ മാത്രമാണ് ഇവരുരുടെ മുന്നിലുള്ളത്. പുതിയ പി.എസ്.സി ലിസ്റ്റ് വരുന്നതു വരെ, നാലരവർഷത്തോളം ലിസ്റ്റ് നീട്ടിയ ചരിത്രമാണ് യു.ഡി.എഫ് സർക്കാരിന്റേത്. അനധികൃതനിയമനങ്ങൾ തടയുന്നതിലും വിജയിച്ചു. ഇത്തരമൊരു തീരുമാനമാണ് ഇടതുസർക്കാരിൽ നിന്ന് കേരളത്തിലെ 43.3 ലക്ഷം തൊഴിൽരഹിതർ പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.