കടയ്ക്കാവൂർ: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം കടയ്ക്കാവൂരിൽ ജനജീവിതം ദുഃസഹമാക്കുന്നു. ഒരു മണിക്കൂറിൽ നാലും അഞ്ചും തവണയാണ് നിലവിൽ കറന്റ് പോകുന്നത്. ഗാർഹിക, വ്യാവസായിക ആവശ്യങ്ങളും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവുമെല്ലാം ഇതുകാരണം മുടങ്ങുന്ന അവസ്ഥയാണ്. മാസങ്ങൾക്ക് മുൻപും ഇതേ അവസ്ഥയായിരുന്നു. വിഷയത്തിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് ശേഷം വൈദ്യുതി വിതരണം താത്കാലികമായി സുഗമമായെങ്കിലും വീണ്ടും പഴയ അവസ്ഥയായി. കാര്യം അന്വേഷിച്ച് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വിളിച്ചാൽ മിക്കപ്പോഴും ഫോണിൽ കിട്ടാറില്ല.

അപകടങ്ങളോ മറ്റോ ഉണ്ടായി വിളിച്ചാലും ഇതേ അവസ്ഥയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഫോണെടുത്താലും സബ് ഡിവിഷനിലെ കുഴപ്പമാണെന്നു പറഞ്ഞ് കൈയ്യൊഴിയുന്നതായും പരാതിയുണ്ട്. വീടുകൾക്കുപുറമേ നിരവധി സ്ഥാപനങ്ങളും കൊവിഡ് ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് സെന്ററുമെല്ലാം ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അധികൃതർക്കുമാത്രം ഇതൊന്നും അറിയാത്തമട്ടാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും വൈദ്യുതി വിതരണം സുഗമമാക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.