കാട്ടാക്കട: ഗ്രാമീണ മേഖലകളിലേക്ക് സർവീസുകൾ തുടങ്ങാതെ കെ.എസ്.ആർ.ടി.സി. ഇതോടെ മലയോരമേഖകളിലേക്കുള്ള യാത്രാക്ലേശം രൂക്ഷമായി. പല സ്ഥലങ്ങളിലേക്കും സമാന്തര സർവീസുകൾ ഇല്ലാത്തത് കാരണം ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾപോലും നടക്കാത്ത അവസ്ഥയാണ്.
കൊവിഡ് മൂലം കെ.എസ്.ആർ.ടി.സി ഗ്രാമീണ സർവീസുകൾ നിറുത്തലാക്കിയിട്ട് മാസങ്ങളായി. ഗ്രാമപ്രദേശങ്ങളിൽ നിന്നും ജോലിക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും നഗരപ്രദേശങ്ങളിലേക്ക് പോകുന്ന സാധാരണക്കാരായ യാത്രക്കാരാണ് വലയുന്നത്. കൊവിഡ് ഭീഷണിയെ തുടർന്ന് ഇരുചക്രവാഹനക്കാരും നിറുത്താറില്ല.
ആര്യനാട്, കാട്ടാക്കട, വെള്ളനാട് തുടങ്ങിയ ഗ്രാമീണ ഡിപ്പോകളിലെ യാത്രക്കാരാണ് ബസില്ലാത്തതുകാരണം ദുരിതത്തിലാകുന്നത്. വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് ഓരോ ദിവസവും ഡിപ്പോയിൽ നിന്നും ആരംഭിക്കുന്നത്. രാവിലെ 6.25 ന് കോട്ടൂരിൽ നിന്നും കാട്ടാക്കട വഴി മെഡിക്കൽ കോളേജിലേക്കുള്ള ബസിൽ യാത്രക്കാരെ കുത്തിനിറച്ചായിരുന്നു പോയിരുന്നത്. ക്രമേണ അത് സീറ്റിംഗ് മാത്രമാക്കുകയും നിറുത്തലാക്കുകയുമാണുണ്ടായത്. കാട്ടാക്കട ഡിപ്പോയിലെ ഫാസ്റ്റ് ബസുകളിൽ ഏറ്റവും നല്ല കളക്‌ഷനുള്ള രണ്ടാമത്തെ സർവീസാണ് കോട്ടൂർ ഫാസ്റ്റ്. നഗരത്തിലെ നിരവധി കൺസ്ട്രക്ഷൻ കമ്പനികളിൽ ജോലിക്കായി പോകുന്ന വരാണ് ഈ ബസിനെ ആശ്രയിക്കുന്നത്.
ബസ് ഇല്ലാതായതോടെ സമാന്തര സർവീസുകാരെയും കാണാനില്ല.
ബൈ റൂട്ടുകളിലേക്കുള്ള ബസ് സർവീസുകൾ നിറുത്തലാക്കിയതോടെ സർക്കാർ ഓഫീസിലെത്തുന്നവരും ബുദ്ധിമുട്ടിലായി. ഓണം അവധി കഴിഞ്ഞതോടെ സർവ്വീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രക്കാർ.