advocate

തിരുവനന്തപുരം: കോഴിക്കോട് മേപ്പയൂർ സ്വദേശിയായ അദ്ധ്യാപിക സായി ശ്വേതയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അപമാനകരമായ പ്രചരണം നടത്തിയ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്‌.പിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫേസ്ബുക്കിലൂടെ അദ്ധ്യാപികയ്ക്കെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തിയ അഭിഭാഷകൻകൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂർവം സമൂഹത്തിനുമുമ്പിൽ ഇകഴ്ത്തുന്ന തരത്തിലുള്ളതാണെന്ന് കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു.
അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്റ്യത്തിന്റേയും അവകാശത്തിന്റേയും മേലുള്ള കടന്നുകയറ്റമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.