മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക് ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ കുറിക്കാറുണ്ട്.
മകനൊപ്പം നീന്തൽക്കുളത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അക്വാബോയ്സ് എന്നാണ് ചാക്കോച്ചൻ ചിത്രത്തിനു നൽകിയ ക്യാപ്ഷൻ. അപ്പനൊപ്പം വെള്ളത്തിലിറങ്ങിയ സന്തോഷത്തിലാണ് കുഞ്ഞ് ഇസഹാഖും.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.
ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.